തലവടി: കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമയ്‌ക്കു തിരിച്ചു നല്‍കി വീട്ടമ്മ മാതൃകയായി. തലവടി പതിനൊന്നാം വാര്‍ഡില്‍ കറുത്തേരില്‍ ആനന്ദവല്ലി ശശികുമാറാണ് തനിക്ക് കിട്ടിയ മൂന്നുപവന്റെ മാല ഉടമസ്ഥക്ക് തിരിച്ച് നല്‍കി മാതൃകയായത്. ഇടയത്ര വീട്ടില്‍ ഓമന സുരേന്ദ്രന്റെ മാലയാണ് എട്ടു മാസങ്ങള്‍ക്കു മുന്‍പ് പമ്പാനദിയില്‍ നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസം കുളിക്കാനെത്തിയപ്പോഴാണ് കടവില്‍ ചെളിയില്‍ പൊതിഞ്ഞ് മാല കണ്ടെത്തിയത്. അയല്‍ക്കാരിയായ ഓമനയുടെ മാല കടവില്‍ നഷ്ടപ്പെട്ടുപോയ കാര്യം ഓര്‍മ്മിച്ച ആനന്ദവല്ലി ഓമനയുടെ വീട്ടിലെത്തി മാല കൈമാറുകയായിരുന്നു. കുടംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആനന്ദവല്ലിയെ അനുമോദിച്ചു. പഞ്ചായത്തംഗം അജിത്ത്കുമാര്‍ പിഷാരത്ത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍ പൊന്നാടയണിയിച്ചു.
















