കണ്ണൂര്‍: മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെയും കണ്ണൂര്‍ ജില്ലാ പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആര്‍സിസിയുടെയും കാന്‍സര്‍ കണ്‍ട്രോള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെയും സ്വസ്തി ഫൗണ്ടേഷന്റെയും സഹകരണത്തോടെ പോലീസ് സേനാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നടത്തിയ കാന്‍സര്‍, വൃക്ക, പ്രമേഹരോഗ നിര്‍ണയ ക്യാമ്പിന്റെയും ബോധവത്കരണ ക്ലാസിന്റെയും ഉദ്ഘാടനം കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി കെ.പി.ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡോ.കെ.രാംദാസ് മുഖ്യപ്രഭാഷണം നടത്തി. ഡോ.ചന്ദ്രമോഹന്‍, ജോ.ബാബുമാത്യു എന്നിവര്‍ സംസാരിച്ചു. ഡി.കൃഷ്ണനാഥപൈ സ്വാഗതവും പി.കെ.സാഗുല്‍ നന്ദിയും പറഞ്ഞു. തെക്കി ബസാറിലെ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയില്‍ നടന്ന പരിശോധനാക്യാമ്പില്‍ പോലീസ് സേനാംഗങ്ങളും കുടുംബാംഗങ്ങളുമായി 210 പേര്‍ പരിശോധനക്ക് വിധേയമായി. ക്യാമ്പിലും ബോധവത്കരണ ക്ലാസുകള്‍ക്കും ഡോ.കെ.രാംദാസ്, ഡോ.ചന്ദ്രമോഹന്‍, ഡോ.ബാബുമാത്യു, ഡോ.വി.സി.രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















