കണ്ണൂര്‍: ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ നൃത്തോത്സവത്തിന് നാളെ തുടക്കമാവും. 12, 13, 14 തീയതികളില്‍ രാമമണ്ഡപത്തില്‍ വൈകിട്ട് ആറരയ്‌ക്ക് അരങ്ങേറുന്ന നൃത്തോത്സവത്തില്‍ 14ന് പ്രശസ്ത നര്‍ത്തകി ഡോ.മേതില്‍ ദേവികയുടെ നൃത്തസന്ധ്യയും അരങ്ങേറും. കണ്ണൂരിലെ കലാകേന്ദ്രങ്ങളായ കലാഗുരുകുലം, സംഗീതകലാക്ഷേത്രം എന്നിവര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ 12, 13 തീയതികളില്‍ നടക്കും.
ഭാരതീയ നൃത്തനൃത്ത്യങ്ങളെ പ്രത്യേകിച്ച് ഭരതനാട്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ സ്വദേശിയും അമേരിക്കയില്‍ സ്ഥിരതാമസക്കാരിയുമായ ആശാദാസ് അവരുടെ പിതാവ് മൂളിയില്‍ പൊട്ട്യന്‍ മാധവന്റെ സ്മരണക്കായി ശ്രീഭക്തിസംവര്‍ദ്ധിനിയോഗത്തില്‍ ഏര്‍പ്പെടുത്തിയ എന്റോവ്‌മെന്റ് ഫണ്ട് ഉപയോഗിച്ചാണ് നൃത്തോത്സവം സംഘടിപ്പിക്കുന്നത്.
മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ സുവര്‍ണ്ണ മെഡലിന് അര്‍ഹത നേടി എം.ബി.എയും നെറ്റും വിജയിച്ച ഡോ. മേതില്‍ ദേവിക കൊല്‍ക്കത്തയിലെ രവീന്ദ്രഭാരതി വിശ്വവിദ്യാലയത്തില്‍ ചേര്‍ന്ന് കുച്ചിപ്പുടിയില്‍ സുവര്‍ണ്ണ മെഡലോടെ ബിരുദാനന്തരബിരുദം നേടുകയും ചെയ്തു.
നൃത്തശിക്ഷണരംഗത്തെ മഹാരഥന്മാരായ തഞ്ചാവൂരിലെ കലൈയാമിനി എസ് നടരാജന്റെ ശിക്ഷണത്തില്‍ ഭരതനാട്യത്തില്‍ പരിശീലനവും ചെന്നൈയിലെ കുച്ചിപ്പുഡി ഡാന്‍സ് അക്കാദമിയിലെ ഡോ. വെമ്പടി ചിന്നസത്യം, ഗുരു വെമ്പടി രവി എന്നിവരില്‍ നിന്ന് കുച്ചിപ്പുടിയില്‍ പരിശീലനവും സ്വായത്തമാക്കി. കൂടാതെ മോഹിനിയാട്ടത്തില്‍ പ്രശസ്തനായ ഗുരുക്കന്മാരുടെ കീഴില്‍ തിരുവനന്തപുരത്തെ റീ ഗാറ്റ കള്‍ച്ചറല്‍ അക്കാഡമിയില്‍ നിന്ന് മോഹിനിയാട്ടത്തില്‍ ഉപരി പരിശീലനവും നേടി ഈ രംഗങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
















