കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് നഗരത്തിലെ പ്രധാന ആശുപത്രികളില്‍ സൗജന്യ ചികിത്സക്ക് സൗകര്യം. ജില്ലാകലക്ടര്‍ മിര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി അധികൃതരുടെ യോഗത്തിലാണ് തീരുമാനം. മത്സരാര്‍ത്ഥികള്‍ക്ക് ആവശ്യമായി വരുന്ന അടിയന്തര ചികിത്സ സൗജന്യമായി നല്‍കും. ആരോഗ്യ വകുപ്പിന്റെയും ആയുര്‍വ്വേദ, ഹോമിയോ വകുപ്പിന്റെയും ചികിത്സാ സംവിധാനങ്ങള്‍ക്ക് പുറമെയാണിത്. എകെജി, കൊയിലി, അശോക, കിംസ്, അല്‍ശിഫ, സ്‌പെഷ്യാലിറ്റി, ആശിര്‍വാദ്, റസ്‌ലോക്ക് ആശുപത്രി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
കലോത്സവത്തിന്റെ ഭാഗമായി പ്രധാന വേദിക്കരികെ താല്‍ക്കാലിക ആശുപത്രി ഒരുക്കുമെന്ന് ഡിഎംഒ നാരായണ നായിക് യോഗത്തില്‍ അറിയിച്ചു. പ്രഥമ ശുശ്രൂഷ സംവിധാനങ്ങള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, നിരീക്ഷണ വാര്‍ഡ് എന്നിവ ഇവിടെയുണ്ടാവും. മത്സരം അവസാനിക്കുംവരെ ഇത് പ്രവര്‍ത്തിക്കും. എല്ലാ വേദികളിലും പ്രാഥമിക ചികിത്സ സംവിധാനവും ഉണ്ടാകും. ഇതോടൊപ്പം ഒരു ഒരു മൊബൈല്‍ മെഡിക്കല്‍ യൂനിറ്റും സജ്ജമാക്കും.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്‍, ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, സംഘാടക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















