കണ്ണൂര്‍: മമ്പറം പറമ്പായിക്കടുത്ത് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് സുമേഷിനെ കരിവാരിത്തേക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം. കഴിഞ്ഞ ദിവസം പറമ്പായി വഴി തലശ്ശേരിയിലേക്ക് പോവുകയായിരുന്ന വാഹനം യന്ത്രത്തകരാറ് കാരണം വഴിക്കായിരുന്നു. തകരാറിലായ വാഹനം നാട്ടുകാരുടെ സഹായത്തോടെ നീക്കുന്നതിനിടെയാണ് ഒരു സംഘം സിപിഎമ്മുകാര്‍ വാഹനം തടയുകയും ഇത് ബിജെപി നേതാവിന്റെ വാഹനമാണെന്നും പോലീസ് വന്നാല്‍ മാത്രമേ വിട്ട് നല്‍കു എന്നും പറഞ്ഞത്. വാഹനത്തിലുണ്ടായിരുന്നവര്‍ പോലീസ് വന്നതിന് ശേഷം വണ്ടിമാറ്റിയാല്‍ മതിയെന്ന് പറഞ്ഞ് മാറിനില്‍ക്കുകയും ചെയ്തു. എന്നാല്‍ സംഘത്തിലുണ്ടായിരുന്ന ചിലര്‍ യാത്രക്കാരെ മര്‍ദ്ദിക്കുകയും വാഹനത്തിന്റെ താക്കോല്‍ ബലമായി പിടിച്ച് വാങ്ങുകയും ചെയ്തു. വാഹനത്തിന് ചുറ്റും നിരവധിപേര്‍ തടിച്ച് കൂടിയതിനാല്‍ എന്താണ് സംഭവിക്കുന്നതെന്ന് വാഹനത്തില്‍ യാത്രചെയ്തവര്‍ക്ക് മനസ്സിലായില്ല. ഇതിന് ശേഷമാണ് വാഹനത്തില്‍ ആയുധങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎം സംഘം വാഹനം വളഞ്ഞപ്പോള്‍ തന്നെ ഇത് ബിജെപി നേതാവിന്റെ വണ്ടിയാണെന്നും വിടരുതെന്നും പറയുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തില്‍ വാഹനവും ഇതിലുണ്ടായിരുന്ന യാത്രക്കാരെയും കസ്റ്റഡിയിലെടുത്തത്.
എന്നാല്‍ വാഹനം കസ്റ്റഡിയിലെടുത്തതിന് ശേഷം ഇത് ബിജെപി മണ്ഡലം പ്രസിഡണ്ടിന്റെ വണ്ടിയാണെന്നും സുമേഷും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിണറായിയിലെ പ്രേംജിത്ത് എന്നയാളും വാഹനത്തിലുണ്ടായിരുന്നുവെന്നും വ്യാപകമായ പ്രചാരണമുണ്ടായി. എന്നാല്‍ സുമേഷിന് ഇത്തരത്തിലൊരു വാഹനമില്ലെന്നും സുമേഷും പ്രേംജിത്തും സംഭവസ്ഥലത്തില്ലായിരുന്നുവെന്നതുമാണ് വസ്തുത. സംഭവവുമായി യാതൊരുവിധ ബന്ധവുമില്ലാത്തവരെ ബോധപൂര്‍വ്വം കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നത് സിപിഎം നേതൃത്വത്തിന്റെ ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ്. 2008 ല്‍ തലശ്ശേരി നഗരത്തില്‍ വെച്ച് പകല്‍ സമയത്ത് നിരവധിയാളുകള്‍ നോക്കിനില്‍ക്കെ സുമേഷിനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ശരീരമാസകലം വെട്ടിമുറിക്കപ്പെട്ട സുമേഷ് മാസങ്ങളോളമുള്ള ആശുപത്രിവാസത്തിന് ശേഷമാണ് ആരോഗ്യസ്ഥിതി വീണ്ടെടുത്തത്. രാഷ്‌ട്രീയപ്രവര്‍ത്തനം നിര്‍ത്തിയില്ലെങ്കില്‍ നിന്നെ വകവരുത്തുമെന്ന് സിപിഎം സംഘം നിരന്തരമായി സുമേഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സിപിഎം നേതൃത്വത്തിന്റെ ഭീഷണിയെ വെല്ലുവിളിച്ച് കൊണ്ട് സുമേഷ് ബിജെപിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്നതാണ് ഇപ്പോഴുള്ള ഭീഷണിക്ക് കാരണം. സമാനമായ അക്രമം പിണറായി പുത്തന്‍കണ്ടത്തെ പ്രേംജിത്തിനും നേരിടേണ്ടി വന്നിട്ടുണ്ട്. പിണറായി ടൗണില്‍ വെച്ച് പകല്‍വെളിച്ചത്തിലാണ് സിപിഎം സംഘം പ്രംജിത്തിന്റെ കൈപ്പത്തികള്‍ വെട്ടിമാറ്റിയത്. സിപിഎം നേതൃത്വത്തിന്റെ നിരന്തരമായ ഭീഷണിയുണ്ടായിട്ടും സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് ഇരുവരും പിന്‍തിരിയാത്തതാണ് ഇപ്പോഴുള്ള കുപ്രചരണത്തിന് പിന്നില്‍. ഭരണത്തിന്റെ സ്വാധീനത്തില്‍ ചില പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടുപിടിച്ചാണ് സിപിഎം ഇപ്പോള്‍ കള്ളക്കേസുകളുണ്ടാക്കുന്നത്.
















