തിരുവനന്തപുരം: നഗരസഭയിലെ മുടവന്‍മുകള്‍ വാര്‍ഡില്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സെക്കന്റ് ഗ്രേഡ് ഓവര്‍സിയറായ ജി. രത്‌നാകരനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് ലഭിക്കുന്നതിനായി ജ്യോതി സമര്‍പ്പിച്ച അപേക്ഷയില്‍ നടപടി സ്വീകരിക്കുന്നതിന് 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് കാണിച്ച് മേയര്‍ക്ക് രേഖാമൂലം ലഭിച്ച പരാതിയുടെയും സെക്രട്ടറിയുടെ പ്രാഥമികാന്വേഷണ റിപ്പാര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഫോര്‍ട്ട് സോണല്‍ ഓഫീസില്‍ ഉയര്‍ന്ന പരാതിയിന്മേല്‍ നടന്ന അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റവന്യൂവിഭാഗം ജീവനക്കാരെ സ്ഥലം മാറ്റുന്നതിനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
















