ജയലളിതയെ സിനിമയിലെത്തിച്ചത് അമ്മയാണെങ്കില്‍ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് നടത്തിയത് സിനിമയിലെയും ജീവിതത്തിലെയും നായകനായ എംജിആര്‍ ആയിരുന്നു.
ഡിഎംകെയില്‍ ആളുകളെ പിടിച്ച് ഇരുത്താന്‍ തക്ക പ്രസംഗ വൈഭവമുളള കരുണാനിധിക്ക് പകരമൊരാള്‍ എഐഎഡിഎംകെയിലുണ്ടാകണമെന്ന വന്നപ്പോള്‍ അദ്ദേഹത്തിന് ആലോചിക്കാന്‍ മറ്റൊരു പേരുണ്ടായിരുന്നുമില്ല. എന്നാല്‍ എംജിആറിന്റെ നിര്‍ബന്ധം മൂലമാണ് താന്‍ രാഷ്ട്രീയത്തിലെത്തിയതെന്നത് ഒരിക്കലും അവര്‍ അംഗീകരിച്ചിരുന്നില്ല.
1982ല്‍ എഐഎഡിഎംകെ അംഗമായി. 1983ല്‍ പ്രചാരണ സെക്രട്ടറി. 1983ല്‍ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടം. തിരുച്ചന്തൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലായിരുന്നു കന്നിയങ്കം. 1984ല്‍ രാജ്യസഭാംഗമായി.
1984ല്‍ ചികിത്സ കഴിഞ്ഞ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ എംജിആറിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ ജയലളിതയെ വിഐപി മുറിയില്‍ പൂട്ടിയിട്ടു. തന്റെ പ്രിയപ്പെട്ട നേതാവ് തിരിച്ച് വന്നതും പോയതുമറിയാതെ ആറ് മണിക്കൂര്‍ അതിനുളളില്‍ കഴിച്ചുകൂട്ടേണ്ടി വന്നു.
എംജിആറിന്റെ മരണം. സംസ്കാര ചടങ്ങുകള്‍ക്കിടയില്‍ ക്രൂരമായ അപമാനിക്കപ്പെട്ടു. അകത്തേക്ക് കടക്കാന്‍ അനുവദിക്കാതെ ബന്ധുക്കള്‍ ഗേറ്റ് പൂട്ടി. പൊതുദര്‍ശനവേദിയില്‍ കാത്ത് നിന്നെങ്കിലും ജയ അറിയാതിരിക്കാന്‍ അകത്ത് പ്രവേശിപ്പിച്ചത് പിന്‍വാതില്‍ വഴി. ഒടുവില്‍ എങ്ങനെയോ കയറിക്കൂടി മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്ന രണ്ട് ദിവസവും പ്രിയപ്പെട്ട അണ്ണന്റെ തലയ്ക്കല്‍ നിന്ന് മാറാതെ ഇരുന്നു.
സംസ്കാരത്തിനായി സൈനിക വാഹനത്തിലേക്ക് മൃതദേഹം മാറ്റിയപ്പോള്‍ ഭാര്യ ജാനകിയും ബന്ധുക്കളും കയറിയ വാഹനത്തിന്റെ വാതില്‍ പെട്ടെന്ന് അടച്ചു. ശവമഞ്ചം വഹിച്ച പതിനഞ്ച് അടി ഉയരമുളള പട്ടാളവാഹനത്തിലേക്ക് ചാടിക്കയറിയ ജയയ്ക്ക് ഇരിപ്പിടം കിട്ടിയില്ല. എംജിആറിന്റെ തല അല്‍പ്പം ഉയര്‍ത്തിവച്ച് ഇടം കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥന് ഓടിയെത്തി വിരട്ടിയതോടെ അവിടെ നിന്ന് ജാനകിയും മറ്റും ഇരുന്ന വാഹനത്തിലേക്ക് കടക്കാന്‍ ശ്രമിച്ചു.
എന്നാല്‍ ബന്ധുക്കള്‍ ഇതനുവദിച്ചില്ല. ജാനകിയുടെ അനന്തരവനും നടനുമായ ദീപന്കുമാര് ജയയെ തൊഴിച്ച് വീഴ്ത്തി. ഇത് വലിയൊരു ഉയര്ത്തെഴുന്നേല്പ്പിലേക്കുളള വന്‍ വീഴ്ചയായിരുന്നു. അവിടെ നിന്നാണ് ജയലളിതയെന്ന പകരം വയ്ക്കാനില്ലാത്ത നേതാവ് ഉയിര്‍ത്ത് എഴുന്നേറ്റത്.
1989ല്‍ തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷ നേതാവ്. 1989 മാര്‍ച്ച് 29ന് നിയമസഭയ്ക്കുളളില്‍ ക്രൂരമായി അപമാനിക്കപ്പെട്ടു. 1991ല്‍ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന പദവി. 1996 മെയ് 12 വരെ മുഖ്യമന്ത്രി.
ആഢംബരവും ധൂര്‍ത്തും ജയലളിതയെ ജനങ്ങളില്‍ നിന്നകറ്റി. ദത്തുപുത്രന് സുധാകരന്റെ കോടികള്‍ ചെലവിട്ടുളള ആഢംബരവിവാഹവും ഒപ്പമുളളവരുടെ അഴിമതികളും ജയയ്ക്ക് അധികാരം നഷ്ടമാക്കി.
ശിവാജി ഗണേശന്റെ പേരക്കുട്ടിയെയാണ് സുധാകരന് ജീവിത സഖിയാക്കിയത്. ഒന്നരലക്ഷം പേരാണ് വിവാഹത്തിനെത്തിയത്. 1995 സെപ്റ്റംബര്‍ ഏഴിന് നടന്ന വിവാഹം ചെന്നൈ നഗരം അന്ന് കണ്ടിട്ടുളളതില്‍ വച്ചേറ്റവും ആഢംബരം നിറഞ്ഞതായിരുന്നു. ഗിന്നസ് ബുക്കില്‍ വരെ വിവാഹം ഇടം പിടിച്ചു.
1996ല്‍ മുഖ്യമന്ത്രി പദം നഷ്ടമായി. 168 സീറ്റുകളില്‍ പാര്‍ട്ടിയ്ക്ക് നേടാനായത് വെറും നാല് സീറ്റുകള്‍ മാത്രം. ജയലളിതയും ജീവിതത്തില്‍ ആദ്യമായും അവസാനമായും പരാജയപ്പെട്ടു. 1996 ഡിസംബര്‍ ഏഴിന് അറസ്റ്റില്‍. കളര്‍ ടിവി അഴിമതിയിലായിരുന്നു അറസ്റ്റ്. 10.13 കോടി രൂപയുടെ അഴിമതിയാണ് ജയയുടെ മേല്‍ ആരോപിക്കപ്പെട്ടത്. ശശികലയുടെ ബന്ധുക്കള്‍ക്കാണ് ഈ പണം എത്തിയതെന്നും അന്വേഷണത്തിലൂടെ തെളിഞ്ഞു.
2001 മെയ് പതിനാലിന് വീണ്ടും മുഖ്യമന്ത്രി. കേസുളളതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല. 2001 സെപ്റ്റംബറില്‍ സുപ്രീംകോടതി അയോഗ്യയാക്കിയതോടെ മുഖ്യമന്ത്രിപദം ഒഴിഞ്ഞു.
മദ്രാസ് ഹൈക്കോടതി ചില കേസുകളില്‍ കുറ്റവിമുക്തയാക്കിയതോടെ 2003 മാര്‍ച്ചില്‍ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക്. ആണ്ടിപ്പട്ടിയില്‍ ഇടക്കാല തെരഞ്ഞെടുപ്പിലൂടെ എംഎല്‍എയുമായി.
2011 മെയ്പതിനാറിന് വീണ്ടും മുഖ്യമന്ത്രി. 2014ല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷം ജയില്‍ ശിക്ഷ. 100 കോടി രൂപ പിഴയും കോടതി വിധിച്ചു. കുറ്റവിമുക്തയായതോടെ 2015 മാര്‍ച്ച് 23ന് അഞ്ചാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റു.
2016ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രി പദത്തിലേക്ക്. 39545 വോട്ടിന്റെ ഭൂരിപക്ഷമേ ഇത്തവണ നേടാനായുള്ളു. എംജിആറിന് ശേഷം തുടര്‍ച്ചയായി രണ്ടാം വട്ടവും അധികാരത്തിലെത്തിയ മുഖ്യമന്ത്രിയായാണ് മടക്കം.
















