ചെന്നൈ: തമിഴകത്തിന്റെ അമ്മ പുരട്ചി തലൈവി ജെ. ജയലളിതക്ക് യാത്രാമൊഴി. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ അന്തരിച്ച അവരുടെ ഭൗതിക ദേഹം ഇന്നലെ വൈകീട്ട്് ആറേകാലോടെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ മെറീന ബീച്ചില്‍ സംസ്‌ക്കരിച്ചു.
ചേതനയറ്റ ശരീരമടങ്ങിയ പേടകം മണ്ണിലേക്കിറക്കിയപ്പോള്‍ തമിഴകം വിതുമ്പി. ജനലക്ഷങ്ങളാണ് അമ്മയെ ഒരു നോക്കുകാണാനും അന്ത്യാഞ്ജലിയര്‍പ്പിക്കാനും എത്തിയത്. മുന്‍ മുഖ്യമന്ത്രിയും ചലച്ചിത്ര നടനുമായിരുന്ന എംജിആറിന്റെ സ്മാരകത്തിനു സമീപത്തായിരുന്നു സംസ്‌കാരം. രാഷ്‌ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ തുടങ്ങി അനവധി പ്രമുഖര്‍ അന്തിമചടങ്ങുകളില്‍ പങ്കെടുത്തു.
അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് 68 വയസുള്ള അവര്‍ക്ക് ഹൃദയാഘാതമുണ്ടായത്. തിങ്കളാഴ്ച രാത്രി അന്തരിച്ചു. രാത്രി തന്നെ ജയയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ എത്തിച്ച മൃതദേഹം ഇന്നലെ പകല്‍ മുഴുവന്‍ ചെന്നൈ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു. വൈകിട്ട് നാലു മണിയോടെ വിലാപയാത്ര തുടങ്ങി. അഞ്ചരയോടെയാണ് ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള മറീന ബീച്ചിലെത്തിച്ചത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷങ്ങളാണ് റോഡിനിരുവശത്തും പൊട്ടിക്കരഞ്ഞുകൊണ്ട് തടിച്ചുകൂടിയത്. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായിരിക്കെ മരിക്കുന്ന മൂന്നാമത്തെയാളാണ് ജയലളിത. അന്തിമ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് ഉറ്റതോഴി ശശികലയാണ്.

കണ്ണീര്‍ സമുദ്രം: ജയലളിതക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയ ജനലക്ഷങ്ങള്‍
പനിയും നിര്‍ജ്ജലീകരണവും മൂലം 72 ദിവസമായി ആശുപത്രിയിലായിരുന്നു. ദേഭമായി ഐസിയുവില്‍ നിന്നു വാര്‍ഡിലേക്കു മാറ്റിയിരുന്നു. അണുബാധയില്‍ നിന്നും മുക്തി നേടുന്നതിനിടയിലാണ് ഹൃദയാഘാതം. എയിംസിലെ വിദഗ്ധ സംഘം എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അര്‍ധരാത്രി റായ്‌പ്പേട്ട പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിനുശേഷമാണ് മരണവാര്‍ത്ത ആശുപത്രി അധികൃതര്‍ പുറത്തുവിട്ടത്.
പനീര്‍സെല്‍വം, എടപ്പാടി പളനിസ്വാമി, വൈദ്യലിംഗം തുടങ്ങിയ ആറംഗ സംഘം രാജ്ഭവനിലെത്തി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനെ സന്ദര്‍ശിച്ചു. രാത്രി 1.20ന് മുഖ്യമന്ത്രിയായി പനീര്‍ ശെല്‍വം സത്യപ്രതിജ്ഞ ചെയ്തു. 31 മന്ത്രിമാരും അധികാരമേറ്റു.
















