മഹാഭാരത കഥയിലെ ദ്രൗപതിക്ക് സമാനമായി ജയലളിതയെ വിശേഷിപ്പിക്കാം. എന്തെന്നാല്‍ അത്രത്തോളം ദൃഢനിശ്ചയത്തിനുടമയാണവര്‍. ദ്രൗപതിയെ കൗരവര്‍ വസ്ത്രാക്ഷേപം നടത്തിയതു പോലെ ബജറ്റ് അവതരണം നടക്കവെ പ്രതിഷേധവുമായി എണീറ്റപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം അലങ്കരിച്ചിരുന്ന ജയലളിതയുടെ സാരി വലിച്ചുകീറി.
കരുണാനിധിയുടെ വിശ്വസ്തനും പൊതുമരാമത്ത് മന്ത്രിയുമായ ദുരൈ മുരുകന്‍ ജയലളിതയുടെ അടുത്തെത്തി അവരുടെ സാരിയില്‍ കടന്നുപിടിക്കുകയും വലിക്കുകയും ചെയ്തു. അതുവരെയുണ്ടായ നിയമസഭാ അക്രമത്തിന്റെ ദിശ അതോടെ ഈയൊരൊറ്റ സംഭവത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുകയായിരുന്നു. ഒരിക്കലും തമിഴ് ജനത മറക്കാത്ത ദ്രൗപതിയുടെ പ്രതിജ്ഞ പോലെയുള്ള അമ്മയുടെ ശപഥം ഈ സംഭവത്തെത്തുടര്‍ന്നായിരുന്നു.
ഇനി മുഖ്യമന്ത്രിയാകാതെ നിയമസഭയിലേക്കില്ല. ആ ശപഥ നിര്‍വ്വഹണത്തിന് തമിഴകം മുഴുവന്‍ ജയക്കൊപ്പം നിന്നു. രണ്ടു വര്‍ഷത്തിനു ശേഷം 1991ല്‍ തമിഴകം ജയലളിതയെ മുഖ്യമന്ത്രിയാക്കി. കൗരവ സഭയില്‍ ദ്രൗപതിയുടെ ശപഥം പോലെ കാലം ഇതിനെ അടയാളപ്പെടുത്തിയിരിക്കുന്നു.
















