ചെന്നൈ: പ്രമുഖ തമിഴ് സിനിമാ നടിയെ ദുരൂഹ സാഹചര്യത്തില്‍ കൊല ചെയ്യപ്പെട്ടനിലയില്‍ കണ്ടെത്തി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ജയശ്രീ(49)യുടെ മൃതദേഹമാണ് ചെന്നൈയിലെ വീട്ടില്‍ കണ്ടെത്തിയത്.
കിടപ്പുമുറിയില്‍ നഗ്നമായ നിലയിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ഉച്ചയോടെ ജയശ്രീയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ അയല്‍ക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്.
വീടിന്റെ ഗേറ്റ് പുറത്തുനിന്ന് അടച്ചിട്ടനിലയിലായിരുന്നു. എന്നാല്‍ വീടിന്റെ മുന്‍വശത്ത് ഡോര്‍ പാതിതുറന്നായിരുന്നു കിടന്നിരുന്നത്. സഹോദരന്‍ സെല്‍വരാജ് കഴിഞ്ഞമാസം നാട്ടിലേക്ക് പോയതോടെ ചെന്നൈയിലെ വീട്ടില്‍ നടി ഒറ്റയ്‌ക്കാണ് താമസിച്ചിരുന്നത്.
പരസ്യങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും സ്ഥിരംസാന്നിധ്യമാണ് ജയശ്രീ. ആഴ്ചകള്‍ക്ക് മുന്‍പ് നടി സപര്‍ണ ആനന്ദിന്റെ മൃതദേഹം സമാന സാഹചര്യത്തില്‍ കണ്ടെത്തിരുന്നു.
















