ചേര്‍ത്തല: റവന്യൂജില്ലാ കായികമേളയ്‌ക്കിടെ മദ്യപ സംഘത്തിന്റെ പരാക്രമം. അദ്ധ്യാപകന് പരിക്കേറ്റു. തിരുനല്ലൂര്‍ ഗവ. എച്ച്എസ്എസിലെ കായികാദ്ധ്യാപകന്‍ അമലിനാണ് മര്‍ദ്ദനമേറ്റത്.
സംഭവുമായി ബന്ധപ്പെട്ട് ഓമനപ്പുഴ സ്വദേശികളായ സാലിമോന്‍(50), സോജന്‍(31) എന്നിവരെ അര്‍ത്തുങ്കല്‍ പോലീസ് പിടികൂടി. ഇന്നലെ ഉച്ചയ്‌ക്ക് 3.30ന് മല്‍സരങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. മദ്യപിച്ച് ട്രാക്കിലേക്ക് കയറി നിന്ന യുവാവിനോട് മാറി നില്‍ക്കാന്‍ പല തവണ സംഘാടകര്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാന്‍ തയാറായില്ല. ഇതേ തുടര്‍ന്ന് ട്രാക്കില്‍ നിന്നും മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട അദ്ധ്യാപകനെ ഇയാള്‍ മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചുകീറുകയുമായിരുന്നു.
സംഭവം നടന്ന സമയത്ത് പോലീസ് സ്ഥലത്തുണ്ടായിരുന്നില്ല. പോലീസിന്റെ അനാസ്ഥ വ്യാപക പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് സംഘാടകര്‍ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. അക്രമികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്.















