ന്യൂദല്‍ഹി: രാജ്യത്തെ എടിഎമ്മുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്താന്‍ രണ്ടാഴ്ചത്തെ സമയം എടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കള്ളപ്പണത്തിന് മാത്രമേ രാജ്യത്ത് സ്തംഭനാവസ്ഥയുള്ളൂവെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു.
വലിയ തയാറെടുപ്പുകള്‍ക്ക് ശേഷമാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചത്. തല്‍പര കക്ഷികള്‍ ഒഴികെ മറ്റെല്ലാവരും മാറ്റത്തെ പിന്തുണച്ചുവെന്ന് പ്രതിപക്ഷത്തെ പരോക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ട് വെങ്കയ്യ പറഞ്ഞു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള നികുതി, പിഴ എന്നിവയ്‌ക്ക് പഴയ നോട്ടുകള്‍ കുറച്ചു കാലത്തേയ്‌ക്ക് കൂടി സ്വീകരിക്കും. ബസ് ടിക്കറ്റ്, വിമാനടിക്കറ്റ്, മെട്രോ ടിക്കറ്റ് എന്നിവയ്‌ക്ക് പഴയ നോട്ടുകള്‍ നല്‍കുന്നത് ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും.
ദല്‍ഹി ഉള്‍പ്പടെയുള്ള രാജ്യത്തെ നഗരങ്ങളില്‍ മൂന്നിലൊന്ന് എടിഎമ്മുകളേ പ്രവര്‍ത്തിക്കുന്നുള്ളൂ. എസ്‌ബിഐയുടെ ആകെയുള്ള 50,000 എടിഎമ്മുകളില്‍ 17,000 എണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.
















