ന്യൂദല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്നതും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതുമായ പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് തടവ് ശിക്ഷ നല്‍കേണ്ടെന്ന് പ്രത്യേക മന്ത്രിസഭാ തീരുമാനം. പകരം 50 ലക്ഷം രൂപ പിഴയും മൂന്ന് വര്‍ഷം പരസ്യങ്ങളില്‍ അഭിനയിക്കുന്നതിനുള്ള വിലക്കുമായിരിക്കും ശിക്ഷ.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സമിതിയുടേതാണ് തീരുമാനം. മന്ത്രിസഭയുടെ ശൈത്യകാല സമ്മേളനത്തില്‍ ഇത് ബില്ലായി അവതരിപ്പിച്ച് പാസാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
പരസ്യങ്ങളില്‍ അഭിനയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന താരങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ 10 ലക്ഷം രൂപ പിഴയും രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയും രണ്ടാം ഘട്ടത്തില്‍ 50 ലക്ഷം രൂപ പിഴയും അഞ്ച് വര്‍ഷം തടവും നല്‍കണമെന്നായിരുന്നു ആദ്യം നിര്‍ദേശമുണ്ടായിരുന്നത്. എന്നാല്‍ ഒരു രാജ്യത്തും പരസ്യത്തില്‍ അഭിനയിച്ചതിന് താരങ്ങള്‍ക്ക് ജയില്‍ ശിക്ഷ നല്‍കുന്നതല്ലെന്ന അഭിപ്രായം ഉയര്‍ന്നതോടെയാണ് ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
















