ന്യൂദല്‍ഹി: സൈറസ് മിസ്ത്രിയെ ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പുതിയ വഴിത്തിരിവ്.
നേതൃത്വത്തിലുണ്ടായ അപാകതകളാണ് മിസ്ത്രിയുടെ പുറത്താകലിന് കാരണമായി പറയുന്നതെങ്കിലും ലൈംഗികാരോപണങ്ങളാണ് ഇതിന് കാരണമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ ഹോട്ടല്‍സ് മേധാവി രാകേഷ് സര്‍നയ്‌ക്കെതിരേ കമ്പനിയിലെ ഒരു വനിതാ ജീവനക്കാരി ലൈംഗിക പീഡനത്തിനു പരാതി നല്‍കിയിരുന്നു. ഹയാത് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ സര്‍നയെ മിസ്ത്രി മുന്‍കൈയെടുത്താണ് ടാറ്റയിലെത്തിച്ചത്. അതുകൊണ്ട് തന്നെ ജീവനക്കാരിയുടെ പരാതിയില്‍ ബാലിശമായ നിലപാട് സ്വീകരിച്ച മിസ്ത്രിയുടെ ഇടപെടലാണ് വനിതാ ഉദ്യോഗസ്ഥയുടെ രാജിയില്‍ കലാശിച്ചത്.
ഈ വര്‍ഷം ജൂണിലാണ് ഇക്കാര്യം രത്തന്‍ ടാറ്റയുടെ ശ്രദ്ധയില്‍പെടുന്നത്. ഇതേതുടര്‍ന്ന് രത്തന്‍ ടാറ്റയുടെ നിര്‍ദേശപ്രകാരം സ്വതന്ത്ര അന്വേഷണ കമ്മിറ്റിയെ നിശ്ചയിച്ചെങ്കിലും കമ്മിറ്റി ഇതേവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഇതു സംബന്ധിച്ച വിഷയത്തിലുണ്ടായ ടാറ്റ സണ്‍സും മിസ്ത്രിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് മിസ്ത്രിയുടെ പുറത്താകലിലേക്കു വഴിവച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്ടോബര്‍ 24നാണ് ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മിസ്ത്രി നീക്കം ചെയ്യപ്പെടുന്നത്.
















