ന്യൂദല്‍ഹി: കള്ളപ്പണത്തിനെതിരായ കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ നടപടി തെരഞ്ഞെടുപ്പ് പ്രക്രിയയെയും ശുദ്ധീകരിക്കും. തെരഞ്ഞെടുപ്പില്‍ പണം നല്‍കി രാഷ്‌ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നത് പതിവാണ്. കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് എന്നും തലവേദനയായിരുന്നു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കിയ നടപടി ഇതിന് മാറ്റം വരുത്തും. പ്രധാനമന്ത്രി കര്‍ശന നടപടി പ്രഖ്യാപിച്ചത് അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണെന്നതും ശ്രദ്ധേയം.
ഇതില്‍ ഉത്തര്‍പ്രദേശും പഞ്ചാബും പണാധിപത്യത്തിന് പേരുകേട്ടതും. പണം വച്ചുള്ള കളിയാണ് പഞ്ചാാബിലെ തെരഞ്ഞെടുപ്പ്. കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഇത് തടയും. മാസങ്ങള്‍ക്ക് മുന്‍പേ രാഷ്‌ട്രീയ പാര്‍ട്ടികള്‍ കള്ളപ്പണം സ്വരൂപിക്കുന്നതിനാല്‍ കമ്മീഷന്റെ നടപടികള്‍ ഉദ്ദേശിച്ച ഫലം ചെയ്യാറില്ലെന്ന് മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷി പറയുന്നു. അടുത്ത വര്‍ഷം ആദ്യമാണ് തെരഞ്ഞെടുപ്പെന്നതിനാല്‍ പണത്തിന്റെ ഒഴുക്ക് ഇപ്പോഴേ തുടങ്ങിയിട്ടുണ്ടാകും. അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ അളവില്‍ പണം വാരിക്കൂട്ടാന്‍ സാധിക്കില്ലെന്നതിനാല്‍ തങ്ങളുടെ ജോലി എളുപ്പമായെന്ന് പഞ്ചാബ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വി.കെ. സിംഗ് പറഞ്ഞു. 2012ല്‍ പഞ്ചാബില്‍ നിന്ന് 12 കോടിയും ഉത്തര്‍ പ്രദേശില്‍ നിന്ന് 37.46 കോടിയും അനധികൃത പണം പിടിച്ചെടുത്തിരുന്നു.
പണം നല്‍കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുന്നുണ്ടെന്നും കള്ളപ്പണമാണ് ഇതിന് ഉപയോഗിക്കുന്നതെന്നും ലക്‌നൗ സര്‍വ്വകലാശാല മുന്‍ പ്രൊഫസര്‍ എസ്.കെ. ദ്വിവേദി വ്യക്തമാക്കി. മായാവതിയും മുലായവും മമതാ ബാനര്‍ജിയും കോണ്‍ഗ്രസ്സും സര്‍ക്കാര്‍ നടപടിയെ എതിര്‍ക്കുന്നുണ്ട്.
















