ന്യൂദല്‍ഹി: രാജ്യത്തെ കാര്‍ യാത്രക്കാരുടെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ കര്‍ശനമാക്കുന്നു. പുതിയ കാറുകളില്‍ അടുത്തവര്‍ഷം ഒക്ടോബര്‍ മുതല്‍ എയര്‍ബാഗ് നിര്‍ബന്ധമാക്കും. ഇതു സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.
റിവേഴ്സ് ക്യാമറയും വേഗ നിയന്ത്രണ അലാറവും കാര്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധമായും പുതിയ കാറുകളില്‍ ഉള്‍പ്പെടുത്തണം. അപകടം ഉണ്ടാകുമ്പോള്‍ യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ സഹായിക്കുന്നവയാണ് എയര്‍ബാഗ്. കാര്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചാല്‍ വേഗം കൂടുതലാണെന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് വേഗ നിയന്ത്രണ അലാറം. വേഗത 100കിലോമീറ്റര്‍ കടന്നാല്‍ കാര്‍ തുടര്‍ച്ചയായി അലാറാം മുഴക്കും.
കാര്‍ പിന്നോട്ട് എടുക്കുമ്പോള്‍ കുട്ടികള്‍ അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതാണ് റിവേഴ്സ് ക്യാമറ. സീറ്റ് ബല്‍റ്റ് ധരിച്ചില്ലെങ്കില്‍ അക്കാര്യം അറിയിക്കുന്ന സംവിധാനവും കാറുകളില്‍ വേണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാര്‍ നിര്‍മാതാക്കളുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും പുതിയ മാര്‍ഗനിര്‍ദേശം നിയമമാക്കുക.
രാജ്യത്തെ വാഹന അപകട നിരക്ക് കുറയ്‌ക്കുകയാണ് ഈ നടപടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എയര്‍ബാഗ് അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ കാര്‍ വില നേരിയ തോതില്‍ കൂടാനും സാധ്യതയുണ്ട്.
















