ന്യൂയോർക്ക്: മൂന്ന് മാസങ്ങൾക്ക് മുൻപ് കാണാതായ യുവതിയെ ചങ്ങലക്കിട്ട് ബന്ധിച്ച് കണ്ടെയ്നറിനുള്ളിൽ അടച്ച രീതിയിൽ കണ്ടെത്തി. അമേരിക്കയിലെ സൗത്ത് കരോലിന സ്വദേശിനിയായ കാർലാ ബ്രൗണിനെയാണ്(30) പോലീസ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ആഗസ്ത് മുതലാണ് കാർലയെയും കാമുകനായ ചാൾസ് കാർവറെയും കാണാതായത്. തുടർന്ന് പോലീസ് ഏറെ അന്വേഷണം നടത്തിയിട്ടും ഇരുവരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടയിൽ പ്രദേശത്തെ കുപ്രസിദ്ധ പെൺവാണിഭ സംഘത്തലവൻ റ്റോഡ് കോൽകെപ്പിന്റെ വസതിയും പരിസരപ്രദേശങ്ങളും റെയ്ഡ് നടത്താൻ പോലീസ് എത്തിയത്.
റ്റോഡിന്റെ സ്ഥലത്ത് കിടന്നിരുന്ന ചെറിയ ഷിപ്പിങ് കണ്ടെയ്നറിനുള്ളിൽ നിന്നും ഒച്ചത്തിലുള്ള കരച്ചിലും ബഹളവും കേട്ട് ഓടിയെത്തിയ പോലീസ് കണ്ടെയ്നർ തുറക്കുകയും കാർലയെ രക്ഷപ്പെടുത്തുകയായിരുന്നു. നായയെ ചങ്ങലക്കിടുന്നതു പോലെ യുവതിയുടെ കഴുത്തിനു ചുറ്റും ചങ്ങല ഇട്ട് കണ്ടെയ്നറിൽ ബന്ധിപ്പിച്ചിരുന്നു. രണ്ട് മാസത്തോളം താൻ കണ്ടെയ്നറിൽ കിടന്നുവെന്നാണ് കാർല പോലീസിന് മൊഴി നൽകിയത്.
അതേ സമയം പെൺവാണിഭ സംഘത്തലവൻ റ്റോഡിനെയും മറ്റ് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കാർലയുടെ കാമുകനെ കണ്ടു കിട്ടിയിട്ടില്ല. ഇയാൾക്ക് വേണ്ടി പോലീസ് അന്വേഷം തുടരുകയാണ്.
















