ചെങ്ങന്നൂര്‍: വിശ്വകര്‍മ്മജരുടെ ചെങ്ങന്നൂരിലെ ആസ്ഥാന മന്ദിരം പൂട്ടിയതുമായി ബന്ധപ്പെട്ട് ആര്‍ഡിഒ: എ.ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഇരുവിഭാഗവും തമ്മില്‍ ചര്‍ച്ച നടത്തി. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടുമണിക്കു നടത്തിയ ചര്‍ച്ചയില്‍ എകെവിഎംഎസ്, കെവിഎസ് പ്രതിനിധികള്‍ പങ്കെടുത്തു.
സപ്തംബര്‍ ഒന്നിനു ഹൈക്കോടതി അനുമതിയോടെ അഖിലകേരള വിശ്വകര്‍മ്മ മഹാസഭയുടെ പ്രവര്‍ത്തകരും നേതാക്കളും എത്തി ഓഫീസിന്റെ ചുമതല ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് 26ന് കേരള വിശ്വകര്‍മ്മ സഭയുടെ പ്രസിഡന്റ് അഡ്വ. പി.ആര്‍. ദേവദാസിന്റെ നേത്യത്വത്തില്‍ സ്ത്രീകളടക്കമുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ പൂട്ട് തല്ലിപ്പൊളിച്ച് അകത്തുകടന്ന് ആസ്ഥാന മന്ദിരം പിടിച്ചെടത്തു.
ഇതോടെ ഓഫീസിനു മുന്‍പില്‍ സംഘര്‍ഷാവസ്ഥയായി. പോലീസും ആഡിഒയും സ്ഥലത്തെത്തി ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി. ചര്‍ച്ച പരാജയപ്പെട്ടതോടെ ആര്‍ഡിഒ ഓഫീസ് പൂട്ടി മുദ്ര വച്ചു.
പിന്നീട് പലതവണ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ചര്‍ച്ച നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. ഇന്നലെ രണ്ടുകൂട്ടരുമായി ആര്‍ഡിഒ നടത്തിയ ചര്‍ച്ചയയില്‍ രണ്ട് വിഭാഗങ്ങളുടെയും വാദം കേട്ടു, മോഴികള്‍ രേഖപ്പെടുത്തി.
രണ്ടുകൂട്ടരും ഇതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് വിധി ഇന്നു രാവിലെ 11ന് അറിയിക്കുമെന്ന് ആര്‍ഡിഒ പറഞ്ഞു. ചര്‍ച്ചയുടെ സമയത്ത് ആസ്ഥാനമന്ദിരത്തിന്റെ പരിസരത്തും, ആര്‍ഡിഒ ഓഫീസ് പരിസരത്തും ഇരുവിഭാഗം പ്രവര്‍ത്തകരും തടിച്ചുകൂടിയിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
















