ചെങ്ങന്നൂര്‍: മഹാദേവ ക്ഷേത്രത്തില്‍ തുലാസംക്രമ നെയ്യാട്ട് കണ്ടുതൊഴാന്‍ എത്തിയത് ആയിരങ്ങള്‍. പുലര്‍ച്ചെ 6.32നു തുലാസംക്രമ മുഹൂര്‍ത്തത്തില്‍ നെയ്യാട്ട് നടന്നു. രാവിലെ 10.30നു സമ്പൂര്‍ണ്ണ നെയ്യഭിഷേകം തുടങ്ങി. വാദ്യമേളങ്ങള്‍ കൊഴുപ്പുപകര്‍ന്നു.
താഴമണ്‍മഠം കണ്ഠരര് മോഹനര് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. നമസ്‌ക്കാര മണ്ഡപത്തില്‍ നവക പൂജകള്‍ക്കുശേഷം നെയ് നിറച്ച കലശ കുഭങ്ങളുമായി ക്ഷേത്ര പ്രദക്ഷിണം ചെയ്തു. തുടര്‍ന്നായിരുന്നു നെയ്യാട്ട്.
നാടിന്റെ നനാഭാഗത്തുനിന്നായി രാവിലെ മുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹമായിരുന്നു. ഒന്‍പതരയോടെ ആലപ്പാട്ടുനിന്നും അരയജനങ്ങള്‍ മഹാദേവന് അഭിഷേകത്തിനായുള്ള നെയ്യുമായെത്തി. കിഴക്കേ നടയില്‍ എത്തിയ ഘോഷയാത്രയ്‌ക്ക് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
കലശ കുംഭവുമായി പ്രദക്ഷിണത്തിനുശേഷം ശ്രീകോവിലിന്റെ സോപാനത്തിന് താഴെ നെയ് സമര്‍പ്പിച്ചു. അരയസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.പി. സജു, അഴീക്കല്‍ തുറയില്‍ അമ്പിളി, ആലപ്പാട് സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം വരുന്ന സംഘമാണ് നെയ്യുമായി എത്തിയത്. ആലപ്പാട്ടുനിന്ന് അരയജനങ്ങള്‍ നെയ്യുമായി എത്തുന്നത് ഇത് മൂന്നാം തവണയാണ്.
പത്തരയ്‌ക്ക് സമ്പൂര്‍ണ്ണ നെയ്യഭിഷേകം ആരംഭിച്ചതോടെ നെയ്യഭിഷേകം കണ്ടുതൊഴാന്‍ ഭക്തജനങ്ങളുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. കൊടിമരച്ചുവടും കടന്ന് കിഴക്കേ ആനക്കൊട്ടിലില്‍ വരെ ഭക്തജനങ്ങളുടെ നീണ്ട നിരയായിരുന്നു. ദര്‍ശനത്തിന് പ്രത്യേക ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. ഇരുനൂറ് പറയോളം നെയ് അഭിഷേകം ചെയ്തതായി സംഘാടകര്‍ അറിയിച്ചു. ഉപദേശകസമിതി സെക്രട്ടറി രഘു മിഥില, പ്രമോദ് കൊല്ലവന, രഘു കുഴിയില്‍, ടി.സി. ഉണ്ണികൃഷ്ണന്‍, മുരുകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കുന്നത്ത് മഹാദേവക്ഷേത്രത്തിലും തുലാസംക്രമ നെയ്യാട്ട് നടത്തി. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആടിയ ശിഷ്ടം നെയ് ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും.
















