തിരുവനന്തപുരം: 16-ാമത് ഫില്‍ക്ക അന്തര്‍ദേശീയ ചലച്ചിത്രോത്സവം 7ന് ആരംഭിക്കും. കേരള ചലച്ചിത്ര അക്കാദമിയും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റിയും സംയുക്തമായി നടത്തുന്ന ചലച്ചിത്രോത്സവം വൈകിട്ട് 6ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയാകും. ഇന്ത്യന്‍ സിനിമ, മലയാള സിനിമ, രാജ്യപരിഗണനാവിഭാഗം, അവലോകനാവിഭാഗം, ഫോര്‍ട്ട് ആന്റ് ഡോക്യുമെന്റെറീസ് എന്നീ വിഭാഗങ്ങളില്‍ ഏഴു ദിവസങ്ങളിലായി ഹ്രസ്വചിത്രങ്ങളുള്‍പ്പെടെ 46 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ക്യാമ്പസ് ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡിനര്‍ഹത നേടിയ സിനിമകള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടക്കും. കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍, ബീനാ പോള്‍, ബി. ഇക്ബാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഏഴുദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്ര പ്രദര്‍ശനം 13ന് സമാപിക്കും.
















