Categories: Ernakulam

അജ്ഞാത സംഘം: നാവിക ആസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പള്ളുരുത്തി: ദക്ഷിണ നാവിക ആസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം. ചൊവ്വാഴ്ച രാത്രി കേന്ദ്ര സുരക്ഷാ സേന തുറമുഖത്തെ ക്യൂ ഫോര്‍ ബെര്‍ത്തിനു സമീപം അജ്ഞാതരായ നാലംഗ സംഘത്തെ കണ്ടിരുന്നു.

രണ്ടു വള്ളങ്ങളിലെത്തിയ അജ്ഞാതരെ തേടി കോസ്റ്റല്‍ പോലീസും, ഹാര്‍ബര്‍ പോലീസും ഇന്നലെയും ഊര്‍ജ്ജിത തിരച്ചിലാണ് നടത്തിയത്. അതേസമയം സിഐഎസ്എഫ് പിടിച്ചെടുത്ത നാലംഗ സംഘം എത്തിയെന്നു കരുതുന്ന വള്ളങ്ങള്‍ ഹാര്‍ബര്‍ പോലീസിന് കൈമാറിയിട്ടില്ല.

കേന്ദ്രരഹസ്യാന്വോഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാന്ന് ദക്ഷിണ നാവിക ആസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയത്. സന്ദര്‍ശകരേയും,വാഹന ങ്ങളേയും കര്‍ശന പരിശോധനക്കു ശേഷമാണ് നാവിക ആസ്ഥാനത്തേക്ക് പ്രവേശിപ്പിച്ചത്. യഥാര്‍ത്ഥ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരെ നേവല്‍ ബേസിനകത്തേക്ക് കടത്തിവിട്ടില്ല. പ്രധാന ഗേറ്റിലും തന്ത്രപ്രധാന മേഖലകളിലും നാവിക സേനയെ കൂടുതലായി നിയോഗിച്ചത്.

ഏതാനും ദിവസത്തേക്ക് കൂടി തുറമുഖത്തും, നാവിക ആസ്ഥാനത്തുമുള്ള പരിശോധനകള്‍ തുടരാനാണ് അധികൃതരുടെ നിര്‍ദ്ദേശം.