വൃന്ദാവന്‍: എഴുപതു നിലകളില്‍, 213 മീറ്റര്‍ (700 അടി) ഉയരത്തില്‍, 5,40,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഉയരുന്ന ചന്ദ്രോദയ മന്ദിര്‍ ലോകത്തെ ഏറ്റവും വലിയ ക്ഷേത്രമാകും. യുപിയില്‍, ശ്രീകൃഷ്ണ സ്മരണകളും ചരിത്രവും പേറുന്ന വൃന്ദാവനത്തില്‍ ഉയരുകയാണ്, ശ്രീകൃഷ്ണ ഭക്തി പ്രചാരണ സംഘടനയായ ഇസ്‌കോണിന്റെ ഈ ക്ഷേത്രം. 2022 ല്‍ പൂര്‍ത്തിയാകും.
511 തൂണുകളില്‍ 140 എണ്ണം പൂര്‍ത്തിയായി. ബാക്കി അടുത്ത മാര്‍ച്ചോടെ. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം ദുബായിലെ ബുര്‍ജ് ഖലീഫയുടെ (829 മീറ്റര്‍) അടിത്തറ 50 മീറ്റര്‍ ആണ്, വ്രജ ഭൂമിയിലെ ചന്ദ്രോദയയുടേത് 55 മീറ്റര്‍.
700 കോടിരൂപയാണ് മുടക്ക്. നാലു ക്ഷേത്രങ്ങള്‍, 12 വനങ്ങള്‍, തീം പാര്‍ക്കുകള്‍, ശ്രീകൃഷ്ണ ലീല അനുഭവിപ്പിക്കുന്ന സംവിധാനങ്ങള്‍, ആധുനിക സാങ്കേതികവിദ്യകളായ ആനിമട്രോണിക്‌സ്, ലേസര്‍ ഷോ, ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ തുടങ്ങിയവയുണ്ടാകും.
കൃഷ്ണനും-രാധയും, കൃഷ്ണനും-ബലരാമനും, ചൈതന്യ മഹാപ്രഭു, സ്വാമി പ്രഭുപാദ എന്നിവര്‍ക്കാണ് ക്ഷേത്രങ്ങള്‍. ശ്രീകൃഷ്ണ കഥയിലെ മധുവനം, താലവനം, കുമുദവനം, ബഹുളവനം, കാമ്യവനം, ഖാദിരവനം, വുന്ദാവനം, ഭാദ്രവനം, ബിവനം, ലൗഹവനം, ഭാണ്ഡീരവനം, മഹാവനം എന്നിവയാണ് പുനസൃഷ്ടിക്കുകയെന്ന് ക്ഷേത്ര നിര്‍മ്മാണത്തിന്റെ ഡറയക്ടര്‍ നരസിംഹ ദാസ് പറഞ്ഞു.
ഉയരത്തിലെ അത്ഭുതമായ കുത്തബ് മിനാര്‍ (72.5 മീറ്റര്‍), താജ്മഹല്‍ (73) എന്നിവയെ മറികടക്കുന്ന ഭാരതത്തിലെ നിര്‍മ്മാണാത്ഭുതം ആരാധനാ കേന്ദ്രങ്ങളില്‍ ലോകത്ത് എറ്റവും ഉയര്‍ന്നതാകും. 62 ഏക്കര്‍ പ്രദേശത്തെ പദ്ധതിയില്‍ 12 ഏക്കര്‍ പാര്‍ക്കിങ്ങിനാണ്, ഹെലിപ്പാഡുമുണ്ടാകും.
















