ബെംഗളൂരു: കാവേരി നദിയില്‍ നിന്ന് ഓരോ സംസ്ഥാനത്തിനും നല്‍കേണ്ട ജലത്തിന്റെ അളവ് തീരുമാനിക്കാന്‍ ഇന്നു ന്യൂദല്‍ഹിയില്‍ മേല്‍നോട്ട സമിതി യോഗം ചേരും. ഈ പശ്ചാത്തലത്തിൽ കര്‍ണാടകയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്നു നടക്കുന്ന മേല്‍നോട്ട സമിതി യോഗത്തിന്റെയും നാളെ സുപ്രീംകോടതിയില്‍ നടക്കുന്ന തുടര്‍വാദത്തിന്റെയും പശ്ചാത്തലത്തിലാണു മുന്‍കരുതല്‍ നടപടി. ഈ മാസം 25 വരെ നിശാനിയമം പ്രഖ്യാപിച്ചിരിക്കുന്ന ബെംഗളൂരുവിലെ പ്രശ്നബാധിത മേഖലകളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തി.
പൊലീസിനു പുറമെ കേന്ദ്ര സേനയും രംഗത്തുണ്ട്. കേരളത്തില്‍ നിന്ന് ഇന്നു ബെംഗളൂരുവിലേക്കും നാളെ തിരിച്ചുമുള്ള ബസ് സര്‍വീസുകള്‍ കേരള ആര്‍ടിസി റദ്ദാക്കിയിട്ടുണ്ട്.
















