സൂറത്ത് : പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനം കവർന്ന കുഞ്ഞു മാലാഖയാണ് ഭിന്നശേഷിക്കാരിയായ അഞ്ച് വയസുകാരി ഗൗരി. മോദിയുടെ നവ്സാരി റാലിക്കിടെയാണ് കുഞ്ഞു ഗൗരി മോദിക്ക് പ്രിയപ്പെട്ടവളായത്.
പ്രധാനമന്ത്രിയുടെ അറുപത്താറാമത്തെ പിറന്നാളാഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷിയുള്ളവർക്ക് കിറ്റ് വിതരണം ചെയ്തിരുന്നു. ഇത് സ്വീകരിക്കാനെത്തിയതായിരുന്നു ഗൗരി. ഗൗരിയോട് സംസാരിച്ചതിനു ശേഷം പ്രധാനമന്ത്രി അവളെ കൈകളിൽ എടുത്തുയർത്തി മൈക്കിനു മുന്നിൽ കൊണ്ടുവന്നു, തുടർന്ന് ഗൗരി സ്വയം പരിചയപ്പെടുത്തി. ‘ഞാൻ ഗൗരി. രാജ് ശർദുളിന്റെയും പൂജയുടെയും ഭിന്നശേഷിയുള്ള മകളാണ്’. തുടർന്ന് പ്രധാനമന്ത്രി രാമായണം ചൊല്ലാൻ ഗൗരിയോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ ആവശ്യ പ്രകാരം ഗൗരി അതിമനോഹരമായി രാമായണം ചൊല്ലുകയും ചെയ്തു. ഏറെ ഹർഷാരവത്തോടെയാണ് ഗൗരിയുടെ രാമായണ പാരായണം സദസ്സ് സ്വീകരിച്ചത്. ഗൗരിയുടെ തലയ്‌ക്കു തട്ടി മിടുക്കിയെന്ന് മോദി അഭിനന്ദിക്കുകയും ചെയ്തു.
ഭിന്നശേഷിയുള്ളവർക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമായിട്ടാണ് കരുതുന്നതെന്ന് മോദി പിന്നീട് ട്വീറ്റ് ചെയ്തു. ഗൗരിക്കൊപ്പമുള്ള വീഡിയോയും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഭിന്നശേഷിയുള്ളവരെ അനുകമ്പയോടെയല്ല കാണേണ്ടതെന്നും അവർ സമന്മാരാണെന്നും അവരെ ബഹുമാനിക്കുകയാണ് വേണ്ടതെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
Priceless moments from Navsari which I will never forget. pic.twitter.com/CWnkmd68JH
— Narendra Modi (@narendramodi) September 17, 2016
















