മുംബൈ: നാവിക സേനയുടെ സ്കോർപീൻ അന്തർവാഹിനിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നത് ഫ്രാൻസിൽ നിന്നു തന്നെയെന്ന് നാവിക സേനാമേധാവി സുനിൽ ലാംബ. ഫ്രാൻസിലെ ആയുധ കമ്പനിയായ ഡിസിഎൻഎസിന്റെ ഓഫിസിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്ന് അദേഹം പറഞ്ഞു.
ഭാരതം തദ്ദേശീയമായി നിർമിച്ച അത്യാധുനിക യുദ്ധക്കപ്പൽ മോർമുഗാവോയുടെ നീറ്റിലിറക്കൽ ചടങ്ങിലാണ് നാവിക മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. വിവരങ്ങൾ ചോർന്നത് സംബന്ധിച്ച് ഉന്നതതല സംഘം അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അന്തർവാഹിനിയുടെ വിവരങ്ങൾ ചോർന്നത് ഡിസിഎൻഎസ്സിന്റെ ഓഫീസിൽ നിന്നുമാണെന്ന് തെളിഞ്ഞിരുന്നു. ഡിസിഎൻഎസും ഫ്രഞ്ച് ഗവൺമെന്‍റും നടത്തിയ അന്വേഷണത്തിലും ഇക്കാര്യം തന്നെയാണ് വ്യക്തമായതെന്നും സുനിൽ ലാംബ വ്യക്തമാക്കി.
എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വിദേശ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികളെ ബാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രൊജക്റ്റ് 75 I ഉൾപ്പടെ വിദേശ രാജ്യങ്ങളുടെ സഹായത്തോടെ ഇന്ത്യൻ ഷിപ്പ്‌യാർഡുകളിൽ 600 കോടി യുഎസ് ഡോളറിന്റെ പദ്ധതികൾക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്.
നേരത്തെ സ്കോപീൻ അന്തർവാഹിനി സംബന്ധിച്ച നിർണായക വിവരങ്ങൾ ദി ഓസ്ട്രേലിയൻ ദിനപത്രമാണ് പുറത്തുവിട്ടത്.
















