വസായ്: കേരളത്തില്‍ സിപിഎമ്മുകാര്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ നടത്തുന്ന അക്രമത്തിന് മുംബൈയില്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ബിജെപി പാല്‍ഘര്‍ ജില്ലാ പ്രസിഡന്റ് പാസ്‌കല്‍ ധനാരെ.
ബിജെപി വസായ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദഹാനു ഒരുകാലത്ത് സിപിഎമ്മിന്റെ കോട്ടയായിരുന്നു. താനടക്കമുള്ള ആദിവാസി ജനവിഭാഗം സിപിഎമ്മിന്റെ പൊള്ളത്തരം തിരിച്ചറിഞ്ഞതുമൂലമാണ് വന്‍ഭൂരിപക്ഷത്തില്‍ താന്‍ നിയമസഭയില്‍ എത്തിയത്.
കേരളത്തിനു പുറത്തും ലോകമുണ്ടെന്ന് സിപിഎം മനസിലാക്കണം. ബിജെപി സംസ്ഥാന ഓഫീസിനു നേരെ ഇരുട്ടിന്റെ മറവില്‍ ആക്രമണം നടത്തിയ സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങളെ നിലയ്‌ക്കു നിര്‍ത്തിയില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതം സിപിഎം നേരിടേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധ മാര്‍ച്ചിന് മണ്ഡലം അദ്ധ്യക്ഷന്‍ ഉത്തംകുമാര്‍, ശേഖര്‍ ധുരി, വിനോദ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം
നല്‍കി.
















