ന്യൂദല്‍ഹി: ഫ്രാന്‍സില്‍ നിന്നും റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ സപ്തംബര്‍ 23ന് കേന്ദ്രസര്‍ക്കാര്‍ ഒപ്പുവെയ്‌ക്കും. ഫ്രഞ്ച് പ്രതിരോധമന്ത്രി ജീന്‍ യെസ്ലെ ഡ്രയാന്റെ ദല്‍ഹി സന്ദര്‍ശനത്തില്‍ സുപ്രധാന കരാര്‍ യാഥാര്‍ത്ഥ്യമാകും. 17 മാസങ്ങളായി നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 36 യുദ്ധ വിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയില്‍ നിന്നും ഭാരതം വാങ്ങുന്നത്.
ഏകദേശം 55,000 കോടി രൂപയുടെ കരാറാണ് ഫ്രാന്‍സുമായി നിലവില്‍ വരുന്നത്. ഭാരത വ്യോമസേനയ്‌ക്ക് വേണ്ടി ചില മാറ്റങ്ങള്‍ വരുത്തി പുറത്തിറങ്ങുന്ന റാഫേല്‍ ജെറ്റുകള്‍ 2019ഓടെ നല്‍കിത്തുടങ്ങുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 126 റാഫേല്‍ ജെറ്റുകള്‍ വാങ്ങാനായി വന്‍തുകയുടെ കരാര്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും പുതിയ സര്‍ക്കാര്‍ വന്നതോടെ ഇടനിലക്കാരെ ഒഴിവാക്കി ഫ്രഞ്ച് സര്‍ക്കാരുമായി നേരിട്ട് ഇടപാട് നടത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് ഏകദേശം 1400 കോടി രൂപയ്‌ക്കാണ് ഒരു വിമാനം ഭാരത വ്യോമസേനയ്‌ക്ക് ലഭിക്കുക. ഖത്തര്‍ വ്യോമസേനയ്‌ക്ക് ഒരു വിമാനത്തിന് 1800 കോടി രൂപയ്‌ക്കാണ് അടുത്തിടെ കൈമാറ്റം നടന്നത്.
ഫ്രഞ്ച് കമ്പനിയായ ദസള്‍ട്ട് ഏവിയേഷനാണ് റാഫേല്‍ യുദ്ധവിമാനങ്ങളുടെ നിര്‍മ്മാതാക്കള്‍. ഇരട്ട എഞ്ചിനുകളുള്ള ഇടത്തരം വിവിധോദ്യേശ വിമാനമാണ് റാഫേല്‍. അയല്‍രാജ്യത്തെത്തി ആക്രമണം നടത്താനും യുദ്ധക്കപ്പലുകളെ നേരിടാനും അണുവായുധം വഹിക്കുവാനും ശേഷിയുള്ള യുദ്ധവിമാനങ്ങളാണിത്.
















