ന്യൂദല്‍ഹി: ഇലക്‌ട്രോണിക് വോട്ടുചെയ്യല്‍ യന്ത്രത്തിന്റെ (ഇവിഎം) പരിഷ്‌കരണ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചില്ല. ഒരു മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ ബന്ധിപ്പിച്ച് ഒരിടത്തു രേഖപ്പെടുത്തുന്ന സംവിധാനമായ ടോട്ടലൈസര്‍ വോട്ടിങ് മെഷീന്‍ (ടിവിഎം) എന്ന ആശയം തെരഞ്ഞെടുപ്പു കമ്മീഷനാണ് അവതരിപ്പിച്ചത്.
വോട്ടിങ്ങില്‍ രഹാസ്യാത്മകത ഉറപ്പാക്കാന്‍ സഹായകമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ടിവിഎം നിര്‍ദേശം അവതരിപ്പിച്ച് പറഞ്ഞത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സമിതി ഇത് തള്ളി.
വോട്ടിങ് വിവരങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകുമെന്നാണ് കാരണം പറഞ്ഞത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും.
മണ്ഡലത്തില്‍ ബൂത്തുകളിലെ വോട്ടിങ് മെഷീനുകളെല്ലാം ഒരു കേന്ദ്രത്തില്‍ ബന്ധിപ്പിച്ച് വോട്ടുകള്‍ നേരിട്ട് ഒരിടത്ത് രേഖപ്പെടുത്തുന്നതാണ് ടോട്ടലൈസര്‍ വോട്ടിങ് മെഷീന്‍. പത്തുവര്‍ഷത്തോളമായി കമ്മീഷന്‍ ഇതിന് ശ്രമിക്കുകയായിരുന്നു.
ഈ സംവിധാനത്തില്‍ മണ്ഡലത്തിലെ വോട്ടുകള്‍ ഒന്നിച്ച് ഒരു കേന്ദ്രത്തില്‍ എണ്ണുകയാവും ചെയ്യുക. ബൂത്തിലേയും പ്രദേശത്തെയും വോട്ടുകള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് അറിയാന്‍ സാധിക്കില്ല.
പ്രാദേശികമായി വോട്ടര്‍മാര്‍ ഏതു പക്ഷത്താണെന്ന് അറിയാന്‍ സാധിക്കാത്തത് വോട്ടിങ്ങിന്റെ രഹസ്യസ്വഭാവത്തെ വര്‍ധിപ്പിക്കുമെന്നാണ് ഇതിന്റെ നേട്ടമായി കമ്മീഷന്‍ പറഞ്ഞത്.
















