ന്യൂദല്‍ഹി: അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍ ജ്യോതി പ്രസാദ് രാജ്ഖോവയെ രാഷ്ട്രപതി പുറത്താക്കി. മേഖാലയ ഗവര്‍ണര്‍ വി.ഷണ്മുഖനാഥന് താത്കാലിക ചുമതല നല്കി. 2015 മെയ് മാസമാണ് രാജ്ഖോവയെ ഗവര്‍ണറായി നിയമിച്ചത്. മോദി സര്‍ക്കാരിന്റെ ആദ്യ ഗവര്‍ണര്‍ നിയമനമായിരുന്നു ജ്യോതി പ്രസാദ് രാജ്ഖോവയുടേത്.
അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട രാജ്ഖോവയുടെ നടപടി നേരത്തെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഭരണഘടന ലംഘിച്ചെന്ന്് ഗവര്‍ണര്‍ക്കെതിരെ കോടതിയില്‍ നിന്ന് പരാമര്‍ശമുണ്ടായി. ഇതേ തുടര്‍ന്ന് രാജ്ഖോവയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നും ഗവര്‍ണര്‍ സ്ഥാനം ന്യായീകരിക്കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയെ അറിയിച്ചു.
രാജിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും രാജ്ഖോവ വിസമ്മതിച്ചു. രാജിവെക്കില്ലെന്നും വേണമെങ്കില്‍ രാഷ്ട്രപതി പുറത്താക്കട്ടെയെന്നുമായിരുന്നു നിലപാട്. തുടര്‍ന്ന് ഏതാനും ദിവസം മുന്‍പ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് രാഷ്ട്രപതിയെ സന്ദര്‍ശിച്ച് സാഹചര്യം വിശദീകരിച്ചു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് പുറത്താക്കാന്‍ രഷ്ട്രപതി തീരുമാനമെടുത്തത്. 1968 ബാച്ച് ഐഎസ് ഓഫീസറായ രാജ്ഖോവ ആസാം മുന്‍ ചീഫ് സെക്രട്ടറിയാണ്.
















