കണ്ണൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഊര്‍പ്പള്ളി നവതരംഗ് സ്വയം സഹായ സംഘവും സംയുക്തമായി മഴയുത്സവം-16 സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓണാഘോഷപരിപാടിയുടെ ഭാഗമായി ഗ്രാമീണാന്തരീക്ഷത്തില്‍ മഴ ആസ്വദിച്ച് മഴവെള്ളം കെട്ടിക്കിടക്കുന്ന ഊര്‍പ്പള്ളി വയലില്‍ വെച്ച് മുതിര്‍ന്നവരെയും കുട്ടികളെയും പങ്കെടുപ്പിച്ച് ജില്ലാതലത്തില്‍ വിവിധ കായിക മത്സരങ്ങളാണ് നടത്തുന്നത്. സെപ്തംബര്‍ മൂന്നിന് വൈകുന്നേരം 3 മണിക്ക് പരിപാടിയുടെ ഉദ്ഘാടനം കായികമന്ത്രി ഇ.പി.ജയരാജന്‍ നിര്‍വ്വഹിക്കും. മഴയെയും മണ്ണിനെയും പുതുതലമുറക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാസങ്ങളോളം നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ വോളിബോള്‍, ഫുട്‌ബോള്‍, ക്രിക്കറ്റ്, കമ്പവലി ടൂര്‍ണ്ണമെന്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമാപനസമ്മേളനം ഉദ്ഘാടനം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവനും സമ്മാനദാനം കലക്ടര്‍ മീര്‍ മുഹമ്മദലിയും നിര്‍വ്വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി സജി വര്‍ഗീസ്, സംഘാടകസമിതി ഭാരവാഹികളായ പി.പവിത്രന്‍, വി.ജയന്‍, ഐ.സി.രാജേഷ്, കെ.ആര്‍.ഷിജില്‍, ഷമീര്‍ ഊര്‍പ്പള്ളി എന്നിവര്‍ പങ്കെടുത്തു.
















