സ്വാമിനി ശിവാനന്ദപുരി കുട്ടികളുമായി സംവദിക്കുന്നു
മാരാരിക്കുളം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് എസ്എല്‍പുരം രാഘവേന്ദ്ര വിദ്യാലയത്തില്‍ കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി ഭാരതീയ സംസ്‌കൃതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
ജീവിതത്തെ പ്രായോഗികമായി വീക്ഷിക്കാനും അതിലൂടെ വിജയം നേടാനുള്ള മാര്‍ഗ്ഗമാണ് കൃഷ്ണന്റെ ജീവിതം. കൃഷ്ണഭക്തിയാല്‍ അന്തക്കരണശുദ്ധിയുണ്ടാകുന്നു. രാമായണത്തിലെ അണ്ണാറക്കണ്ണന്റെയും ഹനുമാന്റെയും നിസ്വാര്‍ത്ഥമായ രാഷ്‌ട്രപ്രവര്‍ത്തനം കുട്ടികള്‍ മാതൃകയാക്കണം. വീട്ടിലും വിദ്യാലയത്തിലും കുട്ടികള്‍ സ്വന്തം പഠന കാര്യങ്ങള്‍ക്കു പുറമെ ഏതെങ്കിലും അവരവര്‍ക്ക് യോജിക്കുന്ന സേവനപ്രവര്‍ത്തനം ചെയ്യണമെന്ന് അവര്‍ ഉപദേശിച്ചു.
ശ്രീകൃഷ്ണനും കുചേലനും തമ്മിലുള്ള സുഹൃദ്ബന്ധം പോലെ ആത്മാര്‍ത്ഥമായ സുഹൃദ് ബന്ധങ്ങള്‍ ജീവിതത്തെ ആനന്ദപൂര്‍ണമാക്കുന്നുവെന്ന് അവര്‍ പറഞ്ഞു. പ്രിന്‍സിപ്പാള്‍ ഗീത വി. പ്രഭു, ശ്രീകാന്ത് മല്ലന്‍, എന്‍. കൃഷ്ണ പൈ, ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















