കണ്ണൂര്‍: ജില്ലാ വെറ്ററന്‍സ് ഫുട്‌ബോളേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് ജില്ലാ വെറ്റന്‍സ് ഫുട്‌ബോളേഴ്‌സ് ഫോറം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 5 മണിക്ക് മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടി മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്യും. ഫുട്‌ബോളേഴ്‌സ് ഫോറത്തിന്റെ എ,ബി,സി എന്നീ മൂന്ന് ടീമുകളും അന്തൂര്‍ വെറ്ററന്‍സ് പറശ്ശിനിക്കടവ്, കാങ്കോല്‍ വെറ്ററന്‍സ്, തൃക്കരിപ്പൂര്‍ വെറ്ററന്‍സ്, പാപ്പിനിശ്ശേരി വെറ്ററന്‍സ്, സണ്‍ഡേ മോണിങ്ങ് വെറ്ററന്‍സ് പൊടിക്കുണ്ട്, വെറ്ററന്‍സ് മയ്യില്‍, റോവേഴ്‌സ് വെറ്ററന്റ് തലശ്ശേരി എന്നീ ടീമുകളടക്കം പത്ത് ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് നോക്കൗട്ട് അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റ് നടക്കുക. നാല്‍പത് വയസ്സ് തികഞ്ഞ പഴയകാല കളിക്കാരാണ് ടീമുകളില്‍ അണിനിരക്കുക. വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സുധാകരന്‍, സി.സെയ്ദ്, സി.എന്‍.മോഹനന്‍, കെ.ചന്ദ്രന്‍, വി.രഘൂത്തമന്‍ എന്നിവര്‍ പങ്കെടുത്തു.
















