
പാനൂര്‍: പാനൂരിന് പൊലിമ ചാര്‍ത്തി ബാലഗോകുലം ശോഭായാത്ര. താഴെപൂക്കോം തെരുഗണപതിക്ഷേത്ര പരിസരം, കുറിച്ചിക്കര മൂപ്പന്റെവിട ഭഗവതിക്ഷേത്ര പരിസരം, പാലക്കൂല്‍ യുപി സ്‌ക്കൂള്‍ പരിസരം എന്നിവിടങ്ങളില്‍ നിന്നും സമാരംഭിച്ച ശോഭായാത്രകള്‍ പാനൂര്‍ ടൗണില്‍ സംഗമിച്ച് മഹാശോഭായാത്രയായി വളളങ്ങാട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിച്ചു. നയനമനോഹരങ്ങളും,കണ്ണഞ്ചിപ്പിക്കുന്നതുമായ നിശ്ചലദൃശ്യങ്ങള്‍, രാഗതാളലയങ്ങളോടെ ഗാനമാധുരിയില്‍ ആടിതിമിര്‍ത്ത് ഗോപികമാരുടെ നൃത്തചാരുത, ആയോധനകലയായ യോഗ്ചാപില്‍ ചുവടുവെച്ച് യുവാക്കളും,കുട്ടികളും,കേരളീയ വേഷത്തില്‍ അമ്മമാരും താലപ്പൊലിയേന്തിയ ബാലികമാരും അടക്കം ആബാലവൃദ്ധം ജനങ്ങളും അണിനിരന്ന ശോഭായാത്ര പാനൂരിനെ അക്ഷരാര്‍ത്ഥത്തില്‍ കൃഷ്ണഭക്തിയില്‍ ആറാടിക്കുകയായിരുന്നു. വൈകുന്നേരത്തോടെ തന്നെ ടൗണില്‍ പതിനായിരങ്ങള്‍ ശോഭായാത്ര വീക്ഷിക്കാന്‍ എത്തിയിരുന്നു. ബസ് സ്റ്റാന്റ് റോഡു മുതല്‍ സമാപനകേന്ദ്രമായ വളളങ്ങാട് വരെ റോഡരികിലെ ഇരുവശവും കെട്ടിടങ്ങളുടെ മുകളിലും ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു.പൂക്കോം നിന്നുമാരംഭിച്ച ശോഭായാത്ര വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി ടി.രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.കെ.പ്രകാശന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഇ.രാജേഷ് സ്വാഗതം പറഞ്ഞു. കുറിച്ചിക്കരയില്‍ നിന്നും ആരംഭിച്ച ശോഭായാത്ര കെപി.ശശീന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മനോജ് അക്കാനിശേരി അദ്ധ്യക്ഷത വഹിച്ചു.പാലക്കൂലില്‍ നിന്നും ആരംഭിച്ച ശോഭായാത്ര എന്‍.രാഘവന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ.നാണു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസഎസ് ജില്ലാബൗദ്ധിക്ക് പ്രമുഖ് വിപി.ഷാജി, ജില്ലാസേവാപ്രമുഖ് ടിപി.സുരേഷ്ബാബു ,ജില്ലാ ശാരീരിക്ക് പ്രമുഖ് കെസി.വിഷ്ണു, താലൂക്ക് കാര്യവാഹ് എന്‍പി.ശ്രീജേഷ്, കെ.പി.ജിഗീഷ്, ഇ.രാജേഷ്, കെ.വി.പ്രമോദ്, കെ.പ്രകാശന്‍ മാസ്റ്റര്‍, കെ.അദീഷ്, സുനീഷ് പത്തായക്കുന്ന്, സി.ടി.കെ.അനീഷ്, എ.പി.അനീഷ്, സുജീഷ്, ജിരണ്‍പ്രസാദ്, സി.വി.രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















