തലശ്ശേരി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നടക്കുന്ന ശോഭായാത്രയ്‌ക്ക് സമാന്തരമായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ചട്ടമ്പി സ്വാമി ദിനാചരണ ഘോഷായാത്ര നടത്തുമെന്ന പ്രഖ്യാപനം വന്നതിന്റെ പശ്ചാത്തലത്തില്‍ തലശ്ശേരിയില്‍ ശക്തമായ സുരക്ഷയൊരുക്കിയിട്ടുള്ളതായി തലശ്ശേരി സിഐ പ്രദീപ് കണ്ണിപ്പൊയില്‍ പറഞ്ഞു. തലശ്ശേരിയിലെ ശോഭായാത്ര തിരുവങ്ങാട്, ചേറ്റംകുന്ന്, ടെമ്പിള്‍ ഗേറ്റ് ഭാഗങ്ങളില്‍ നിന്ന് പുറപ്പെടുന്ന ശോഭായാത്ര ഫ്‌ളൈ ഓവര്‍ ജംഗ്ഷനില്‍ വെച്ച് സംഗമിച്ച് മഹാശോഭായാത്രയായി ഒ.വി.റോഡ്, ആശുപത്രി റോഡ്, ലോഗന്‍സ് റോഡ് വഴി നഗരപ്രദക്ഷിണം നടത്തി പുതിയ ബസ്സ്റ്റാന്റിലാണ് സമാപിക്കുക.
ശോഭായാത്ര വിജയിപ്പിക്കുന്നതിന്റെ ഭാഗമായി തലശ്ശേരി നഗരവും കതിരൂര്‍-എരിഞ്ഞോളി, മുഴപ്പിലങ്ങാട്-ധര്‍മ്മടം തുടങ്ങിയ പഞ്ചായത്തുകളിലും കാവിക്കൊടികളാലും തോരണങ്ങളാലും നിറഞ്ഞുകഴിഞ്ഞു. വിവിധ സ്ഥലങ്ങളില്‍ ഇന്നലെ വൈകുന്നേരം മുതല്‍ പ്രത്യേക പൂജകളും ഭക്തി ഗാനാലാപനങ്ങളും നടന്നതോടൊപ്പം ഇന്ന് മധുര വിതരണവും നടക്കുന്നതാണ്.
















