ന്യൂദല്‍ഹി: വെള്ളപ്പൊക്ക കെടുതിക്ക് ഇരയായ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ഉത്തര്‍ പ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് മുഖ്യമന്ത്രിമാരുമായി സംസാരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
ഇതിനിടെ ഉത്തര ഭാരതത്തില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 27 ആയി ഉയര്‍ന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍ ഉത്തര്‍ഖണ്ഡ് സംസ്ഥാനങ്ങളിലാണ് മഴക്കെടുതി രൂക്ഷം. മധ്യപ്രദേശില്‍ മാത്രം 15പേര്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ബാറാനില്‍ തുടര്‍ച്ചയായ മഴയില്‍ വീട് തകര്‍ന്ന് അഞ്ചുപേരും ഉത്തര്‍ഖണ്ഡില്‍ ഏഴുപേരും മരിച്ചു.
ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പു നല്‍കുമ്പോഴും സൈനികര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബാറാനില്‍ അപകടത്തില്‍പ്പെട്ട 24 പേരെ വ്യോമസേന രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ രേവാ ജില്ലയില്‍ വ്യോമമാര്‍ഗം ഭക്ഷണവും മരുന്നും വിതരണം ചെയ്തു.
രണ്ടാഴ്ച മുന്‍പ് അസമിലുണ്ടായ വെള്ളപ്പൊക്കവും അതിരൂക്ഷമായിരുന്നു. അസമിലെ മഴക്കെടുത്തി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അസമിലെ 10 ജില്ലകളിലായി 1.26 ലക്ഷം ജനങ്ങള്‍ക്ക് വെളളപ്പൊക്ക കെടുതിക്ക് ഇരയായി. 14,000 ത്തിലേറെപ്പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്.
















