മാവേലിക്കര: കെഎസ്ആര്‍ടിസി വേണാട് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു രണ്ടു ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്കു പരുക്കേറ്റു. മാവേലിക്കര പന്തളം റോഡില്‍ തഴക്കര വേണാട് ജംക്ഷനു സമീപം ഇന്നലെ രാവിലെ 7.45നായിരുന്നു അപകടം.
മാവേലിക്കര നിന്നും പത്തനംതിട്ടക്കു പോയ വേണാട് ബസും മാവേലിക്കര ഭാഗത്തേക്കു വന്ന ടൂറിസ്റ്റ് ബസുമാണു കൂട്ടിയിടിച്ചത്. വേണാട് ബസ് ഡ്രൈവര്‍ ഇറവങ്കര പ്രണവില്‍ കെ.പ്രദീപ് (40), ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ഓച്ചിറ കൊല്ലടികിഴക്കതില്‍ അന്‍സാര്‍ (36), ഹരിപ്പാട് ഗോകുലം പത്മിനി (61), മുട്ടം മീനത്തേതില്‍ സരസമ്മ (50), വസുമതി (43), തോട്ടപ്പള്ളി അനീഷ് ഭവനം രമ്യ (25), പത്തനംതിട്ട നരിയാപുരം ഐനേത്ത് ഉമ്മന്‍ ജോര്‍ജ് (50), കാര്‍ത്തികപ്പള്ളി ചിങ്ങോലി കളപ്പുരയ്‌ക്കല്‍ കിഴക്കതില്‍ സുരേഷ് (42), ഓമല്ലൂര്‍ നെടുവേലില്‍ ജിന്‍സന്‍ തോമസ്, മാവേലിക്കര ഉമ്പര്‍നാട് ഗംഗാഭവനം സരസമ്മ (48), സജി (58), നാഗാലാന്‍ഡ് സ്വദേശി വികാസ്ദാസ് (32) എന്നിവരാണു പരുക്കേറ്റു വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
അപകടത്തെത്തുടര്‍ന്നു മാവേലിക്കര–പൈനുംമൂട് റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അഗ്‌നിശമനസേനയും പൊലിസുമെത്തി നാട്ടുകാരുടെ സഹായത്തോടെയാണു ബസുകള്‍ മാറ്റിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.
















