ന്യൂദൽഹി: സാംസ്കാരിക, ടൂറിസം മന്ത്രാലയത്തിന്റെ ‘ഇൻക്രെഡിബിൾ ഇന്ത്യ’ പ്രചാരണ പരിപാടിയുടെ ബ്രാൻഡ് അംബാസഡറായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തു. രാജ്യത്തെ വിനോദസഞ്ചാര വികസനത്തിനായിട്ടുള്ള ഈ പരിപാടിയിൽ ഏറ്റവും ഉചിതമായ മുഖം പ്രധാനമന്ത്രിയുടെതാണെന്ന് സാംസ്കാരിക ടൂറിസം മന്ത്രി മഹേഷ് ശർമ അറിയിച്ചു.
പത്ര, ടിവി പരസ്യങ്ങൾക്കായുള്ള ആശയങ്ങൾ ഒരാഴ്ചയ്‌ക്കുള്ളിൽ പൂർത്തിയാക്കും. തുടർന്ന് ഈ പരസ്യ ചിത്രങ്ങളിൽ പ്രധാനമന്ത്രി അഭിനയിക്കും. നേരത്തെ ബോളിവുഡ് താരം ആമിർ ഖാനായിരുന്നു ബ്രാൻഡ് അംബാസഡർ. എന്നാൽ അസഹിഷ്ണുതാ വിവാദകാലത്തെ ചില പരാമർശങ്ങളുടെ പേരിൽ ആമിർ ഖാനുമായുള്ള കരാർ പുതുക്കിയിരുന്നില്ല.
തുടർന്ന് പുതിയ ബ്രാൻഡ് അംബാസഡറെ കണ്ടെത്താനുള്ള ആലോചകൾ ഏറെ നാളായി മന്ത്രാലയം നടത്തിവരികയായിരുന്നു.
















