ശ്രീനഗർ: കശ്മീരിലെ പ്രക്ഷോഭങ്ങൾ നേരിടുന്നതിൽ പെല്ലറ്റ് ഗണ്ണുകൾക്ക് നിരോധനം ഏർപ്പെടുത്തിയാൽ വെടിയുതിർക്കേണ്ടി വരുമെന്ന് സിആർപിഎഫ് വ്യക്തമാക്കി. ജമ്മുകശ്മീർ ഹൈക്കോടതിയിലാണ് പെല്ലറ്റ് ഗണ്ണുകളുടെ സ്ഥാനത്ത് തോക്ക് ഉപയോഗിച്ച് കശ്മീരിലെ പ്രതിഷേധക്കാരെ നേരിടേണ്ടി വരുമെന്ന് സിആർപിഎഫ് അറിയിച്ചത്.
ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനിയുടെ മരണത്തിനു ശേഷം കശ്മീരിൽ പ്രതിഷേധ പ്രകടനങ്ങളും അക്രമങ്ങളും നിത്യ സംഭവങ്ങളായിരുന്നു. ഈ അവസരത്തിൽ പെല്ലറ്റ് ഗൺ ഉപയോഗിച്ചായിരുന്നു സിആർപിഎഫ് പ്രതിഷേധക്കാരെ അടിച്ചമർത്തിയിരുന്നത്. പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചത് മൂലം നിരവധി പേർക്കാണ് കാഴ്ച ശക്തി നഷ്‌ടമാകുന്നതുൾപ്പെടെയുള്ള പരിക്കുകളേറ്റത്.
എന്നാൽ ഏറ്റവും അക്രമശേഷി കുറഞ്ഞ ആയുധമാണ് പെല്ലറ്റ് ഗണ്ണുകളെന്നുമാണ് സിആർപിഎഫിന്റെ വാദം. പെല്ലറ്റ് ഗണ്ണുകൾ നിരോധിക്കുകയാണെങ്കിൽ പ്രതിഷേധക്കാരെ നേരിടാൻ സുരക്ഷ സേന മറ്റ് മാർഗങ്ങൾ സ്വീകരിക്കേണ്ടി വരും. ഇതിന്റെ അനന്തരഫലം രൂക്ഷമായിരിക്കുമെന്നും സിആർപിഎഫ് ഹൈക്കടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
പ്രതിഷേധക്കാരെ നേരിടുമ്പോൾ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മുകശ്മീർ ഹൈക്കോടതിയിലെത്തിയ ഹർജിയെ തുടർന്നാണ് സിആർപിഎഫ് സത്യവാങ്മൂലം സമർപ്പിച്ചത്.
















