സത്താറ (മഹാരാഷ്‌ട്ര): മഹാരാഷ്‌ട്ര പോലീസ് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രശംസയാണ് അവര്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതും അറസ്റ്റിലായ ഒരു കൊടും കുറ്റവാളിയുടെ പക്കല്‍ നിന്ന്. ‘മരണത്തിന്റെ ഡോക്ടര്‍'(ഡോ. ഡെത്ത്) എന്നു വിശേഷിപ്പിക്കപ്പെട്ട സന്തോഷ് ഗുലബ്രാവൊ പോള്‍ ആണ് മഹാരാഷ്‌ട്ര പോലീസിനെ പ്രകീര്‍ത്തിച്ചത്.
ഡോസ് കൂട്ടി മരുന്ന് കുത്തിവച്ച് ആറു പേരെ കൊലപ്പെടുത്തിയതായി അറസ്റ്റിലായ ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. താന്‍ നടത്തിയ കൊലപാതകങ്ങളുടെ തുമ്പ് കണ്ടെത്തുകയും അതിലൂടെ തന്നെ അറസ്റ്റ് ചെയ്തതിനുമായിരുന്നു ‘മരണത്തിന്റെ ഡോക്ടര്‍’ പോലീസിനെ പ്രശംസിച്ചത്.
എസ്പി സന്ദീപ് പാട്ടീലിന് നല്‍കിയ കത്തിലാണ് ഡോ. ഡെത്ത് പോലീസിനെ പ്രശംസിച്ചത്. എസ്പി സര്‍, ആദ്യം തന്നെ നിങ്ങള്‍ക്ക് ഒരു നല്ല സല്യൂട്ട് നല്‍കുന്നു. താന്‍ എന്തിനാണ് ഇതെല്ലാം ചെയ്തതെന്ന് എന്നോട് ചോദിക്കുകയാണെങ്കില്‍ അതേ ചോദ്യം താങ്കളുടെ സേനയിലെ പോലീസുകാരോടും ചോദിക്കണം. പ്രതികരിക്കാതെ ഉറങ്ങിക്കിടക്കുന്ന സമൂഹത്തോടും ഈ ചോദ്യം ചോദിക്കണമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ കത്തിനെക്കുറിച്ച് പ്രതികരിക്കാന്‍ പോലീസ് വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.
ആംഗന്‍വാടി ജീവനക്കാരി മംഗള്‍ ജീദെയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസില്‍ അറസ്റ്റിലായ ഡോക്ടറെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പര പുറത്തായത്. അമിത അളവില്‍ മരുന്നു കുത്തിവച്ച് അഞ്ച് സ്ത്രീകളെയും ഒരു പുരുഷനെയും ഇയാള്‍ കൊലപ്പെടുത്തി.
സത്താറയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. മംഗള്‍ ജീദെയുടെ തിരോധാനം അന്വേഷിച്ച പോലീസ് ഇവരുടെ മൊബൈലില്‍നിന്ന് അവസാനം വിളിച്ച കോള്‍ ഡോക്ടറുടെ നമ്പറിലേക്കാണെന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ‘ഡോ. ഡെത്ത് ‘അറസ്റ്റിലായത്. ഇയാളുടെ സഹായിയായിരുന്ന നഴ്‌സ് ജ്യോതി പണ്ഡുരംഗ് മാന്ദ്രെയും പോലീസ് കസ്റ്റഡിയിലാണ്.
















