ചെന്നൈ: തമിഴ്‌നാട്ടിലെ ഗുമ്മിഡി പൂണ്ടിയില്‍ മൂന്ന് മാസം മാത്രമായ പെണ്‍കുഞ്ഞിനെ പിതാവ് ചുവരിലെറിഞ്ഞ് കൊന്നു. മൂന്ന് പെണ്‍കുഞ്ഞുങ്ങളെ ഭാര്യ പ്രസവിച്ചതാണ് അമൃതമംഗലം ഗ്രാമത്തിലെ ജി.ദാമോദരന്‍(45) നെ പ്രകോപിപ്പിച്ചത്.
ഭാര്യയുടെയും മറ്റ് രണ്ട് മക്കളുടെയും മുന്നില്‍ വച്ചാണ് മൂന്നാമത്തെ കുട്ടി ജ്യോതിലക്ഷ്മിയെ ഇയാള്‍ കൊന്നത്. ദാമോദരനെ കവരപ്പേട്ട പോലീസ് അറസ്റ്റ്് ചെയ്തു. പതിനഞ്ച് കൊല്ലം മുമ്പാണ് ഇയാള്‍ അംബികയെ വിവാഹം കഴിച്ചത്. പതിനൊന്നും എട്ടും വയസുളള രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ ഇയാള്‍ക്കുണ്ട്. മൂന്നാമത്തെ കുഞ്ഞും പെണ്ണായതോടെ അതിനെ അനാഥാലയത്തിന് നല്‍കാന്‍ അയാള്‍ തീരുമാനിച്ചു. എന്നാല്‍ അംബിക ഇതിനെ എതിര്‍ത്തു.
കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ദാമോദരന്‍ കുഞ്ഞിനെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭാര്യ തടഞ്ഞു. ഒടുവില്‍ അയാള്‍ അവരുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ വലിച്ചെടുത്ത് ചുമരിലേക്ക് എറിയുകയായിരുന്നു.കുഞ്ഞ് അപ്പോള്‍ തന്നെ മരിച്ചു.
















