ന്യൂദല്‍ഹി: ബിജെപിയുടെ പുതിയ കേന്ദ്രഓഫീസ് ബലിദാനികള്‍ക്ക് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ ത്യാഗത്തിന്റെ ഫലമാണ് ഇത്. ദീനദയാല്‍ ഉപാധ്യായ മാര്‍ഗ്ഗില്‍ നിര്‍മ്മിക്കുന്ന ഓഫീസിന്റെ ഭൂമിപൂജയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
1950 മുതല്‍ 2016 വരെ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ ത്യാഗത്തിന്റെയും തപസ്സിന്റെയും ബലിദാനത്തിന്റെയും ഫലമായാണ് പാര്‍ട്ടിക്ക് ഇത്രയും വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. 10പേരുമായി ആരംഭിച്ച പാര്‍ട്ടി 11കോടി അംഗങ്ങളുള്ള രാഷ്‌ട്രീയ പ്രസ്ഥാനമായി വളര്‍ന്നു.
മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, വെങ്കയ്യ നായിഡു, രാജ്‌നാഥ്‌സിങ് നിതിന്‍ ഗഡ്ക്കരി, അനന്ത്കുമാര്‍, രാംലാല്‍ എന്നിവര്‍ ഭൂമിപൂജയില്‍ പങ്കെടുത്തു.
ഏഴുനിലകളിലായി 70 മുറികളും 3 കോണ്‍ഫറന്‍സ് ഹാളുകളുമുള്ള വലിയ ഓഫീസ് സമുച്ചയമാണ് ബിജെപിയുടെ കേന്ദ്രഓഫീസായി ഒരുങ്ങുന്നത്. 2018 ഡിസംബറിനുള്ളില്‍ പണി പൂര്‍ത്തിയാക്കും.
ദീനദയാല്‍ ഉപാധ്യായ പാര്‍ട്ടി ദേശീയ നേതൃപദവിയിലിരിക്കുമ്പോള്‍ പഴയ ദല്‍ഹിയിലെ അജ്മീരി ഗേറ്റിലുള്ള ചെറിയ മുറിയിലാണ് ജനസംഘത്തിന്റെ ആദ്യ ഓഫീസ് പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് വാജ്‌പേയി എംപിയായതോടെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ രാജേന്ദ്രപ്രസാദ് മാര്‍ഗ്ഗിലെ 30-ാം നമ്പര്‍ വസതി ജനസംഘത്തിന്റെ ഓഫീസാക്കി. ദീനദയാല്‍ജിയുടെ ഭൗതികദേഹവുമായി വിലാപയാത്ര ആരംഭിച്ചത് ഇവിടെ നിന്നായിരുന്നു.
1977ല്‍ ജനസംഘമുള്‍പ്പെടെ ജനതാപാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ രാജ്യസഭാ എംപിയായ ജഗദീഷ് പ്രസാദ് മാഥൂറിന് ലഭിച്ച ആശോക റോഡിലെ 11-ാം നമ്പര്‍ വസതിയാണ് ബിജെപിയുടെ നിലവിലെ കേന്ദ്രകമ്മറ്റി ഓഫീസ്. ബിജെപി രൂപീകൃതമായതിന് ശേഷവും ഇതുതന്നെ ഓഫീസാക്കി തുടരുകയായിരുന്നു.
















