ബെംഗളൂരു: സംവാദത്തിനിടെ രാജ്യദ്രോഹ മുദ്രാവാക്യം ഉയര്‍ത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഓഫീസുകള്‍ താത്ക്കാലികമായി അടച്ചുപൂട്ടി. ബെംഗളൂരു, ദല്‍ഹി, മുംബൈ ഓഫീസുകളാണ് പൂട്ടിയിരിക്കുന്നത്.
കശ്മീര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയ്‌ക്കിടെ രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അംഗങ്ങളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എബിവിപി കഴിഞ്ഞദിവസം മാര്‍ച്ച് നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് എന്‍ജിഒയുടെ ബെംഗളൂരിലെ സ്ഥാപനം താത്കാലികമായി അടച്ചിടാന്‍ പോലീസ് ഉപദേശവും നല്‍കി.
ആംനെസ്റ്റിയ്‌ക്കെതിരെയുള്ള പ്രക്ഷോഭം വര്‍ധിച്ചുവന്ന സാഹചര്യത്തില്‍ ഓഫീസിന്റേയും ജീവനക്കാരുടേയും സുരക്ഷയെക്കരുതിയാണ് അടച്ചിടാന്‍ തീരുമാനിച്ചതെന്ന് എന്‍ജിഒ അധികൃതര്‍ അറിയിച്ചു. കൂടാതെ മുംബൈ, ദല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ ആംനെസ്റ്റി നടത്താന്‍ തീരുമാനിച്ച എല്ലാ സെമിനാറുകളും മാറ്റിവെച്ചിട്ടുണ്ട്.
അതിനിടെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് എബിവിപി നല്‍കിയ പരാതിയില്‍ ആംനെസ്റ്റി ബെംഗളൂരു ഘടകത്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചര്‍ച്ചയ്‌ക്കിടെ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ദൃശ്യങ്ങളും എബിവിപി പോലീസിന് കൈമാറിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആരുടേയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
















