ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തോടെ പാക്കിസ്ഥാനുമായുള്ള ഭാരതത്തിന്റെ നയതന്ത്ര ബന്ധത്തില്‍ വലിയ മാറ്റം സംജാതമായി. ബലൂചിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ജില്‍ജിത് ബാള്‍ട്ടിസ്ഥാനിലെയും ജനങ്ങള്‍ ഭാരത പ്രധാനമന്ത്രിയെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ടെന്ന മോദിയുടെ പ്രസ്താവന, പാക്കിസ്ഥാന്റെ ആഭ്യന്തര പ്രതിസന്ധിയെ അന്താരാഷ്‌ട്ര തലത്തില്‍ തുറന്നുകാട്ടുന്നതായി.
90 മിനുറ്റ് നീണ്ട സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രത്യേക വിഷയം പ്രതിപാദിക്കാനുണ്ടെന്ന ആമുഖത്തോടെയാണ് ബലൂച് വിഷയം മോദി ഉന്നയിച്ചത്. ബലൂച് വിഷയത്തില്‍ തീരുമാനിച്ചുറച്ച പ്രസംഗമാണ് ഭാരത പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഇത് വ്യക്തമാക്കുന്നു.
പാക്കിസ്ഥാന്റെ ഭാഗമായ പ്രദേശങ്ങളിലെ ജനങ്ങള്‍ തനിക്ക് നന്ദി പറയുകയും അംഗീകരിക്കാന്‍ തയ്യാറാവുകയും ചെയ്തു എന്ന പരാമര്‍ശത്തോടെ ബലൂച്, പിഒകെ, ജില്‍ജിത് പ്രശ്‌നങ്ങളെല്ലാം വീണ്ടും സജീവമായി ഉയര്‍ന്നുവന്നു.
പാക്കിസ്ഥാന്റെ ഭൂപ്രദേശത്തിന്റെ നാല്‍പ്പത് ശതമാനം വരുന്ന ബലൂചിസ്ഥാന്റെ സ്വതന്ത്രവാദത്തെ പരസ്യമായി പിന്തുണയ്‌ക്കുന്ന നിലപാടാണ് ഭാരത പ്രധാനമന്ത്രി കൈക്കൊണ്ടിരിക്കുന്നത്.
ഒരിക്കല്‍ കൂടി മുംബൈ ആവര്‍ത്തിച്ചാല്‍ ബലൂചിസ്ഥാന്‍ നിങ്ങള്‍ക്ക് നഷ്ടപ്പെടുമെന്ന അജിത് ഡോവലിന്റെ പഴയ മുന്നറിയിപ്പും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ഐ.കെ ഗുജ്‌റാള്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത് നിര്‍ത്തിവെച്ച ബലൂച് ഓപ്പറേഷന്‍ റോയും കേന്ദ്രസര്‍ക്കാരും വീണ്ടും ആരംഭിച്ചതിന്റെ സൂചനകളാണ് ഇതെല്ലാം നല്‍കുന്നത്.
പാക്കിസ്ഥാന്‍ വെറുമൊരു ചില്ലുകൊട്ടാരമാണെന്ന ഓര്‍മ്മപ്പെടുത്തലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്രദിന പ്രസംഗമെന്നാണ് വിദേശകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. പാക്കിസ്ഥാന്‍ ഭീകരരെ നുഴഞ്ഞുകയറ്റി കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ബലൂച്ച്, ഗില്‍ജിത്, പിഒകെ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിരോധിക്കുക മാത്രമല്ല, അക്ഷരാര്‍ത്ഥത്തിലുള്ള കടന്നാക്രമണം തന്നെയാണ് ഭാരതം നടത്തിയിരിക്കുന്നത്. പാക് പ്രധാനമന്ത്രി ആഗസ്ത് 14ന് നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഭാരതത്തില്‍ നിന്നും കശ്മീരിന്റെ മോചനമെന്ന വാക്കുപയോഗിച്ചപ്പോള്‍ അതിനെക്കാള്‍ അതിശക്തമായ മറുപടിയാണ് ബലൂച്ചിസ്ഥാന്‍ പരാമര്‍ശത്തോടെ മോദി പാക്കിസ്ഥാന് നല്‍കിയത്.
















