ന്യൂദല്‍ഹി: സൗദിയില്‍ കുടുങ്ങിയ തൊഴിലാളികളുടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കാപട്യം വ്യക്തമാകുന്നു. സൗദിയില്‍ പോകാന്‍ മന്ത്രി ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ട് വിവാദമുണ്ടാക്കിയ സംസ്ഥാന സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ദല്‍ഹിയില്‍ നിന്നും നാട്ടിലെത്താനുള്ള സൗകര്യം ഒരുക്കിയില്ല. ഇതേ തുടര്‍ന്ന് മലയാളി തൊഴിലാളികള്‍ സൗദിയില്‍ നിന്നുള്ള യാത്ര ഉപേക്ഷിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് സൗദി സര്‍ക്കാരിന്റെ ചിലവിലാണ് തൊഴിലാളികളെ തിരിച്ചെത്തിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ നയതന്ത്ര പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ പ്രചാരണം നടത്തിയ സംസ്ഥാന സര്‍ക്കാരിന്റേത് വിലകുറഞ്ഞ രാഷ്‌ട്രീയം മാത്രമാണെന്ന് തെളിഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്‌സിന് സൗദിയിലും ദല്‍ഹിയിലും ഓഫീസുണ്ട്. തൊഴിലാളികള്‍ ദല്‍ഹിയിലെത്തുന്നത് സംബന്ധിച്ച് സംസ്ഥാനത്തിന് നേരത്തെ വിവരം ലഭിക്കുകയും ചെയ്തിരുന്നു. എന്നിട്ടും തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ഒന്നും ചെയ്തില്ല. സംഭവം വിവാദമായതോടെ ട്രെയിന്‍ ടിക്കറ്റ് നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. ടിക്കറ്റ് ലഭിക്കുന്നത് വരെ ദല്‍ഹിയിലെ കേരള ഹൗസില്‍ താമസിപ്പിക്കാനായിരുന്നു തീരുമാനം.
എന്നാല്‍ ഇതിനകം തൊഴിലാളികള്‍ യാത്ര ഉപേക്ഷിച്ചിരുന്നു. മാസങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്നതിനാല്‍ ടിക്കറ്റിനുള്ള പണം പോലും കൈവശമില്ലെന്ന് ഇവര്‍ നോര്‍ക്കയെ അറിയിച്ചിരുന്നു. ലക്ഷങ്ങള്‍ മുടക്കി മന്ത്രിയെ സൗദിയിലെത്തിക്കാന്‍ ആവേശം കാട്ടിയ സര്‍ക്കാര്‍ ദല്‍ഹിയില്‍ നിന്നും തൊഴിലാളികളെ വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ തയ്യാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ജലീലിന്റെ സൗദി യാത്രയ്‌ക്ക് പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഭവം.
ഇതിനിടെ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് വീണ്ടും സൗദിയിലെത്തി. നേരത്തെ വി.കെ. സിങ് സൗദിയിലെത്തി നടത്തിയ ചര്‍ച്ചകളാണ് തൊഴിലാളികളുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത്.
ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സൗദിയുമായുള്ള ചര്‍ച്ചകള്‍ക്കെത്തിയ വി. കെ. സിങ് ഭാരത തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളിലും സന്ദര്‍ശനം നടത്തി.
















