ബംഗലൂരു: ബംഗലൂരു സ്ഫോടന കേസിൽ പ്രതിയായ സക്കരിയക്ക് നാട്ടിൽ പോകാൻ കോടതിയുടെ അനുമതി. സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ടു ദിവസത്തേക്ക് നാട്ടില്‍ പോകാനാണ് സക്കരിയക്ക് എൻഐഎ കോടതി അനുമതി നൽകിയിരിക്കുന്നത്.
യാത്രയുടെ ചിലവ് സ്വയം വഹിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് സഹോദരന്റെ വിവാഹം. വീട്ടിലും, വിവാഹ ഹാളിലും മാത്രം പങ്കെടുക്കാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് സക്കരിയ. ബുധനാഴ്ച വൈകീട്ട് സുരക്ഷ ഉദ്യോഗസ്ഥരോടൊപ്പം നാട്ടിലേക്ക് തിരിക്കുന്ന സക്കരിയ വെള്ളിയാഴ്ച ബംഗലൂരുവിലേക്ക് മടങ്ങും.
2008 ജൂലൈ 25നുണ്ടായ ബംഗലൂരു സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ 2009 ഫെബ്രുവരി അഞ്ചിന് ജോലി ചെയ്യുന്ന കടയില്‍ നിന്നാണ് സക്കരിയ അറസ്റ്റിലായത്. കേസില്‍ എട്ടാം പ്രതിയായ സക്കരിയ നാലാം പ്രതി ഷറഫുദ്ദീനുമായി ചേര്‍ന്ന് സ്ഫോടനത്തിനുള്ള ടൈമറുകളും മൈക്രോചിപ്പുകളും നിര്‍മിച്ചു നല്‍കി എന്നതാണ് ചുമത്തപ്പെട്ട കുറ്റം.
















