ജെയ്‌പൂര്‍: ഒളിമ്പിക്സ് മെഡൽ നഷ്‌ടമായ ദീപ കർമാക്കറെ ട്വിറ്ററിലൂടെ വിമർശിച്ച യുവതിക്ക് പീഡിപ്പിക്കുമെന്നും വധിക്കുമെന്നും തരത്തിലുള്ള ഭീഷണി സന്ദേശം ലഭിച്ചു.
യുവതിക്കെതിരെ ഓണ്‍ലൈനില്‍ അസഭ്യം പറഞ്ഞവര്‍ പിന്നീട് പീഡിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് പുറമേ യുവതിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ സഹായമഭ്യര്‍ത്ഥിച്ച് 26കാരി വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിന് ട്വീറ്റ് ചെയ്യുകയായിരുന്നു.
വിഷയത്തിൽ ഇടപെട്ട സുഷമ രാജസ്ഥാൻ മുഖ്യമന്ത്രിയോട് സംഭവം പരിശോധിക്കാൻ നിർദേശിക്കുകയായിരുന്നു. സുഷമയുടെ നിർദേശം ലഭിച്ചയുടനെ നടപടി സ്വീകരിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ ജയ്‌പൂർ പൊലീസ് മേധാവിയേയും ചുമതലപ്പെടുത്തി.
ട്വിറ്ററിലൂടെ തനിക്ക് നേരെ ഭീഷണിമായെത്തിയ യുവാക്കളുടെ പേരുകൾ സഹിതമാണ് യുവതി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇന്ത്യൻ കായിക മേഖല നേരിടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെ വിമർശിച്ച യുവതിയുടെ ട്വീറ്റാണ് ചിലരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
















