പാറ്റ്‌ന: ബീഹാറില്‍ വിഷമദ്യം കഴിച്ച് 13 പേര്‍ മരിച്ചു. നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍. ബീഹാറിലെ ഗോപാല്‍ഗഞ്ചിലുള്ള മദ്യശാലയില്‍ നിന്ന് മദ്യംവാങ്ങി കഴിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. ഏഴ് പേര്‍ ഇന്നലെ വൈകുന്നേരവും മറ്റ് മൂന്നു പേര്‍ ഇന്ന് രാവിലെയുമാണ് മരിച്ചത്. സംഭവത്തിനു പിന്നില്‍ വ്യാജ മദ്യമാണെന്നാണ് ആരോപണം ഉയരുന്നത്.വ്യാജ മദ്യം കഴിച്ചാണ് മരണങ്ങള്‍ സംഭവിച്ചതെന്നാണ് മരിച്ചവരുടെ ബന്ധുക്കളും പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഇവിടെ നിന്നും മദ്യം വാങ്ങിക്കഴിച്ച നിരവധി ആളുകളെ ചൊവ്വാഴ്ച രാവിലെ മുതല്‍ ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ട് ആശുപത്രയില്‍ പ്രവേശിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.രക്ത സാമ്പിളുകള്‍ ഫോറന്‍സിക്ക് പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ എന്തെങ്കിലും വിവരങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളൂവെന്നാണ് പോലീസിന്റെ നിലപാട്. റിപ്പോര്‍ട്ടുകള്‍ ലഭിക്കാതെ മരണകാരണം സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
മദ്യനിരോധനം വന്നതിനു ശേഷം ബിഹാറില്‍ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഏപ്രില്‍ മുതലാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റിന് 13ന് വ്യാജ മദ്യം കഴിച്ച് മൂന്നു പേരാണ് മരിച്ചത്. രക്ഷപ്പെട്ടവര്‍ക്ക് കാഴ്ചശക്തി നഷ്ടമാവുകയും ചെയ്തിരുന്നു. ബിഹാറില്‍ വ്യാജ മദ്യ ദുരന്തങ്ങള്‍ ഉണ്ടായാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കര്‍ശനമായ ശിക്ഷകള്‍ നേരിടേണ്ടി വരും. വ്യാജ മദ്യ ബിസിനസില്‍ ഉള്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ അല്ലെങ്കില്‍ പത്തുലക്ഷം പിഴയും ജീവപര്യന്തവുമാണ് ശിക്ഷ.
ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ജന്മനാടാണ് ദുരന്തം നടന്ന ഗോപാല്‍ഗഞ്ച്. നിരോധനത്തിനു ശേഷവും തുച്ഛമായ നിരക്കില്‍ വ്യാജമദ്യം ലഭിക്കുന്നതിന് കുപ്രസിദ്ധി ആര്‍ജ്ജിച്ച പ്രദേശമാണിത്.
















