കൊല്ലം: കൊല്ലം സ്വദേശി സൈനികന്‍ കശ്മീരില്‍ മരിച്ചു. കശ്മീരിലെ ഉധംപൂര്‍ മേഖലയില്‍ സേവനമനുഷ്ഠിക്കുന്ന ലാന്‍സ്‌നായിക് അനീഷ്ബാബു (32) ആണ് മരിച്ചത്. അഞ്ചാലുംമൂട് ചെമ്മക്കാട് അഭിലാഷ് ഭവനത്തില്‍ അരവിന്ദബാബു-കനകമ്മ ദമ്പതികളുടെ മകനാണ്.
സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ഒരാഴ്ച മുമ്പ് അനീഷ്ബാബുവിന് സൈനിക കാമ്പിന്റെ പരിസരം വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റിരുന്നു.
തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനീഷ് നാല് ദിവസം മുമ്പ് ആശുപത്രി വിട്ടിരുന്നുവെന്നും അച്ഛനെ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി 11.55ന് അനീഷ്ബാബു മരിച്ചുവെന്ന വിവരം സെനിക ഓഫീസ് മുഖേന വീട്ടില്‍ അറിയിക്കുകയായിരുന്നു.
ഏഴു വര്‍ഷമായി കശ്മീരില്‍ സേവനമനുഷ്ഠിക്കുന്ന അനീഷ് കഴിഞ്ഞ ഏപ്രിലില്‍ അവധിക്ക് നാട്ടിലെത്തിയിരുന്നു. അഞ്ചുവര്‍ഷം സേവനമനുഷ്ഠിച്ച ശേഷം കാശ്മീരില്‍ തന്നെ തുടരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ വീണ്ടും ഉധംപൂര്‍ മേഖലയില്‍ നിയമിക്കുകയായിരുന്നു. 2002ല്‍ സര്‍വീസില്‍ പ്രവേശിച്ചു. ഭാര്യ: രൂപശ്രീ. മക്കള്‍: അക്ഷജ്, അന്‍വിത. മൃതദേഹം നാളെ നാട്ടിലെത്തിക്കും.
















