ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിലെ ആദ്യത്തെ ബോട്ടുജെട്ടിയായിരുന്ന എ.സി. കനാല്‍ ദുര്‍ഗന്ധപൂരിതമായി മാറി. ചങ്ങനാശ്ശേരി റയില്‍വേസ്റ്റേഷന്‍ മുതലുള്ള തോട് താമരശ്ശേരി തോട്ടിലൂടെയാണ് എ.സി. കനാലിലെത്തുന്നത്. ഇതുവഴി ഒഴുകി എത്തുന്ന മാലിന്യം മുഴുവന്‍ എ.സി. കനാലിലാണ് എത്തുന്നത്. ഇതുമൂലം സമീപപ്രദേശങ്ങളിലും എ.സി. കനാലിന്റെ പുറംബണ്ടുകളിലും താമസിക്കുന്ന ജനങ്ങള്‍ക്ക് കൊതുകിന്റെയും ഇഴജന്തുക്കളുടെയും ശല്യം രൂക്ഷമാണ്. ത്വക്ക് രോഗങ്ങളും പനിയും മറ്റു രോഗങ്ങളും പടര്‍ന്നു പിടിക്കുന്നു. തോട്ടില്‍ കടകള്‍ സ്ഥാപിച്ചിരിക്കുന്നതിനാലും, പോളകള്‍ തിങ്ങിക്കിടക്കുന്നതിനാലും ഒഴുക്ക് നിലച്ചിരിക്കുകയാണ്. റെയില്‍വേ സ്‌റ്റേഷന്‍ തോടിലൂടെ കക്കൂസ് മാലിന്യമടക്കമുള്ള മാലിന്യങ്ങള്‍ ആവണിത്തോടുവഴി എ.സി. കനാലില്‍ എത്തുന്നു. ചില രാഷ്‌ട്രീയ കക്ഷികളുടെ ഒത്താശയോടെ കൂടി ആവണിതോടിന്റെ മുകളിലൂടെ പാലം പണിയുന്നതിനാലാണ് കനാലില്‍ ഒഴുക്ക് നഷ്ടപ്പെട്ടത്. ഈ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരംമുണ്ടാക്കണമെന്നും തോട്ടില്‍ നിന്ന് പോളകളും, വ്യാപാരസ്ഥാപനങ്ങളും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ചങ്ങനാശ്ശേരി തഹസില്‍ദാര്‍ക്കും, ജില്ലാകളക്ടര്‍ക്കും, നിവേദനം നല്‍കാന്‍ പൊതുജന സേവന ജാഗ്രത സമിതി യോഗത്തില്‍ തീരുമാനിച്ചു. ഇതിനു പരിഹാരം കണ്ടില്ലെങ്കില്‍ ഈ പ്രദേശത്തെ പൊതുജനങ്ങളെ അണിനിരത്തി താലൂക്ക് ഓഫീസ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യോഗത്തില്‍ തീരുമാനിച്ചു.
















