കോട്ടയം: കേരളത്തിന് പുറത്ത് പീഢനങ്ങളോ കൊലപാതകങ്ങളോ നടക്കുമ്പോള്‍ എടുത്തുചാടി പ്രതികരിക്കുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കുന്നുംപുറത്ത് നസീറിനെ കൊലപ്പെടുത്തിയത് അവരുടെ അസഹിഷ്ണുതയും വിഭാഗീതയുടെയും നേര്‍ക്കാഴ്ചയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നേതാക്കളുടെ അഴിമതിയും വിഭാഗീയതയും ചോദ്യം ചെയ്തതിനാലാണ് പട്ടാപ്പകല്‍ അദ്ദേഹത്തെ അടിച്ചുകൊന്നത്. ഈ കൊലപാതകത്തിലെ ഒന്നാംപ്രതിയാണ് ഇപ്പോള്‍ ഈരാറ്റുപേട്ടയില്‍ വര്‍ഗീയതയ്‌ക്കെതിരെ സമാധാനത്തിനുവേണ്ടി കാല്‍നടജാഥ നയിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിക്കെതിരെ ശബ്ദിച്ചാല്‍ പാര്‍ട്ടിക്കാരനാണെങ്കിലും കൊന്നുതള്ളുന്ന അവസ്ഥയാണ് ഇപ്പോള്‍ നടക്കുന്നത്. യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് കേസെടുക്കുകയും ചെയ്യണമെന്ന് ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.
















